തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിന് യോഗ്യതനിശ്ചയിക്കുന്ന പ്രവേശനപരീക്ഷയ്ക്ക് നേടേണ്ട മിനിമം മാര്‍ക്ക് ഉയര്‍ത്തണമെന്ന് ശുപാര്‍ശ. നിലവില്‍ ഒരു പേപ്പറിന് 10 മാര്‍ക്കാണ് മിനിമം. ഇത് 20 ആയി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ.

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് തയാറാക്കുന്നതിന് മുന്നോടിയായി ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് വിളിച്ച ഉന്നതതലയോഗത്തിന്റേതാണ് ശുപാര്‍ശ.

കോഴ്‌സിന് പ്രവേശനം നേടിയശേഷം ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തിപ്പോകുന്നവരില്‍നിന്ന് മാനേജ്‌മെന്റ് നഷ്ടപരിഹാരം ഈടാക്കുന്നത് നിരോധിക്കണമെന്നതാണ് മറ്റൊരുശുപാര്‍ശ. നിലവില്‍ നാലുവര്‍ഷത്തെ ഫീസും പല മാനേജ്‌മെന്റുകളും ഈടാക്കുന്നുണ്ട്.

പിടിച്ചുവെച്ച മാര്‍ക്ക്‌ലിസ്റ്റ് വെച്ചാണ് മാനേജ്‌മെന്റുകള്‍ വിലപേശുന്നത്. ഇത് തടയാന്‍ മാര്‍ക്ക്‌ലിസ്റ്റ് കോളേജില്‍ വാങ്ങിവെക്കുന്നതും തടയണം. ആവശ്യമെങ്കില്‍ മാര്‍ക്ക്‌ലിസ്റ്റിന്റെ അറ്റസ്റ്റുചെയ്ത പകര്‍പ്പ് കോളേജില്‍ സൂക്ഷിക്കാം.

എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തുന്ന അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളില്‍ അതത് കോളേജുകള്‍ തന്നെ സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ അനുവദിക്കുന്ന രീതിയും മാറ്റണം. ഒഴിവുള്ള സീറ്റുകള്‍ ക്രോഡീകരിച്ച് എന്‍ട്രന്‍സ് കമ്മിഷണര്‍ തന്നെ ഒരു അലോട്ട്‌മെന്റ് കൂടി നടത്തണമെന്നും ശുപാര്‍ശയുണ്ട്.

ഇവ ഉന്നതതലയോഗത്തിന്റെ ശുപാര്‍ശ മാത്രമാണെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടതെന്നും ഉഷാ ടൈറ്റസ് പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഇപ്രാവശ്യത്തെ പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസ് തയാറാക്കുകയെന്നും അവര്‍ പറഞ്ഞു.