മംഗളൂരു: ദോഹയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്​പ്രസ് വിമാനം മംഗളൂരുവില്‍നിന്ന് പറന്നുയര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ ആയിക്കാണും. ഒരു വലിയ മുഴക്കം കേട്ടു. ഇടിമന്നലാണെന്നാണ് കരുതിയത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പൈലറ്റ് അറിയിച്ചു: ഒരു എന്‍ജിന് തകരാര്‍ സംഭവിച്ചു, മംഗളൂരുവിലേക്കു മടങ്ങുകയാണ് -വ്യാഴാഴ്ച വൈകുന്നേരം 5.35-ന് മംഗളൂരുവില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ രക്ഷിത് നായിക് പറഞ്ഞു.

വിമാനം മംഗളൂരുവില്‍ സുരക്ഷിതമായി തിരിച്ചിറങ്ങി. 170 യാത്രക്കാരാണുണ്ടായിരുന്നത്. എന്‍ജിന്‍ തകരാറാണ് വിമാനം തിരികെയിറക്കാന്‍ കാരണമായതെന്ന് വിമാനത്താവള ഡയറക്ടര്‍ വി.എന്‍.റാവുവും അറിയിച്ചു. എന്‍ജിന്‍ തകരാറിലായതോടെ വിമാനത്തിന്റെ വേഗം ഗണ്യമായി കുറഞ്ഞിരുന്നു. അതേ അവസ്ഥയില്‍ പത്തുമിനിട്ടുകൂടി പറന്നിരുന്നുവെങ്കില്‍ വന്‍ദുരന്തം ഉണ്ടാകുമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൈലറ്റിന്റെ മനഃസാന്നിധ്യമാണ് രക്ഷയായത്. വിമാനം സുരക്ഷിതമായി തിരിച്ചിറക്കാനുള്ള സുരക്ഷാ തയ്യാറെടുപ്പുകളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ മറ്റൊരു വിമാനമെത്തിച്ചാണ് യാത്രക്കാരെ ദോഹയിലേക്ക് കൊണ്ടുപോയത്. വ്യാഴാഴ്ച രാത്രി ഇവര്‍ക്ക് ഹോട്ടലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.