തിരുവനന്തപുരം: തങ്ങളുടെ അന്വേഷണത്തോടു സഹകരിക്കാൻ സംസ്ഥാനസർക്കാരിനു നിയമപരമായ ബാധ്യതയുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നിയമസഭാ സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ പറയുന്നു. ലൈഫ് മിഷൻ കാര്യനിർവഹണത്തിനുള്ള സംസ്ഥാനസർക്കാരിന്റെ ഏജൻസി മാത്രമാണ്. നിയമസഭയുടെ അവകാശം ലൈഫ് മിഷനു കിട്ടില്ല.

നിയമസഭയോട് അനാദരവോ അംഗങ്ങളുടെ അവകാശം ഹനിക്കുന്ന എന്തെങ്കിലുമോ രേഖകൾ ആവശ്യപ്പെട്ടുനൽകിയ നോട്ടീസിലില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ലൈഫ് മിഷൻ ഇടപാടിലൂടെ ഭീമമായ തുക കൈക്കൂലിയായി ചിലർ സമ്പാദിച്ച വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ്‌ അന്വേഷണം. നിയമപരമായി നിലനിൽക്കാത്ത തുടർനടപടികളിലേക്ക് നിയമസഭ നീങ്ങരുതെന്ന അഭ്യർഥനയോടെയാണ് ഇ.ഡി.യുടെ മറുപടി അവസാനിക്കുന്നത്.

നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയാണ് ഇ.ഡി.യോടു വിശദീകരണം ചോദിച്ചത്. ലൈഫ് മിഷൻ പ്രവൃത്തികൾ തടസ്സപ്പെടുത്താൻ ഇ.ഡി. ശ്രമിക്കുന്നുവെന്നുകാണിച്ച് ജെയിംസ് മാത്യു നൽകിയ പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്കു വിടുകയായിരുന്നു.