കൊച്ചി: ലൈഫ്മിഷൻ ഫയലുകൾ വിളിച്ചുവരുത്തിയതിന് വിശദീകരണമാവശ്യപ്പെട്ട് നിയമസഭ എത്തിക്സ് കമ്മിറ്റി നൽകിയ നോട്ടീസിനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അധികാര ‘വിശാലത’ ചൂണ്ടിക്കാട്ടി മറുപടി നൽകും. എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ് ഡൽഹിയിലെ ഇ.ഡി. ആസ്ഥാനത്തേക്ക് അയച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ.) ഏതെങ്കിലും ഇടപാടുകളിൽ അന്വേഷണ ഉദ്യോഗസ്ഥന് സംശയം തോന്നിയാൽ ബന്ധപ്പെട്ട ഫയൽ ഏതുവകുപ്പിൽനിന്നും വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നാണ് ഇ.ഡി. നിലപാട്. പി.എം.എൽ.എ.യ്ക്കുപുറമേ വിദേശനാണ്യ നിയന്ത്രണചട്ടത്തിന്റെയും (ഫെമ) വിശാലമായ അധികാരങ്ങൾ ചൂണ്ടിക്കാട്ടിയാവും മറുപടി.

അന്വേഷണത്തിൽ ഇടപെടാൻ ആർക്കും അധികാരമില്ലെന്നാണ് ഇ.ഡി. വിലയിരുത്തൽ. ലൈഫ്മിഷൻ ഫയലുകൾ ആവശ്യപ്പെട്ടത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനാണ്. ഇനിയും സർക്കാരിൽനിന്ന്‌ ഫയലുകൾ വിളിച്ചുവരുത്തേണ്ടതുണ്ട്. നിയമസഭ എത്തിക്സ് കമ്മിറ്റി അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താൻ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. ഇങ്ങനെയുണ്ടായാൽ അന്വേഷണം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് കോടതിയെ സമീപിക്കുന്നതും ഇ.ഡി.യുടെ പരിഗണനയിലുണ്ട്.