തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ആഴ്ചയിലൊരിക്കൽ കൈത്തറിവസ്ത്രം വീണ്ടും നിർബന്ധമാക്കിയേക്കും. സർക്കാർ, പൊതു-സഹകരണ മേഖല എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരും ബുധനാഴ്ചകളിൽ ഖാദി അല്ലെങ്കിൽ കൈത്തറിവസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവ് നേരത്തേയുണ്ടായിരുന്നു. എന്നാൽ, അത് വളരെക്കാലം നീണ്ടുപോയില്ല. കോവിഡ് പശ്ചാത്തലത്തിൽ തകർന്ന കൈത്തറി മേഖലയെ കൈപിടിച്ചുയർത്താൻ ഉത്തരവ് വീണ്ടും പുനഃസ്ഥാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഒന്നാം പിണറായി സർക്കാർ, ഈ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ, കോവിഡ് മൂലം പദ്ധതി നടക്കുന്നില്ല. ഒന്നരവർഷമായി ഉത്സവ സീസണുകളുമില്ല.

സർക്കാർ ജീവനക്കാർക്ക് കൈത്തറിവസ്ത്രം ലഭ്യമാക്കാൻ പലിശരഹിത തവണവ്യവസ്ഥയിൽ നൽകുന്ന പദ്ധതി ഹാന്റെക്സ് മുഖേന സജീവമാക്കാനും ലക്ഷ്യമുണ്ട്. ഷോറൂമിനോടു ചേർന്ന് ഡ്രൈ വാഷ് സംവിധാനം ഉടൻ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒരുമാസത്തിനുള്ളിൽ കൈത്തറി മേഖലയ്ക്കു മാത്രമായി സ്വന്തമായൊരു ഓൺലൈൻ വിതരണശൃംഖല ആരംഭിക്കാൻ ശ്രമം തുടങ്ങി. കൈത്തറി ഉത്പന്നങ്ങൾക്കായി തിരുവനന്തപുരത്ത് ആധുനിക സജ്ജീകരണങ്ങളോടെ നിർമാണ യൂണിറ്റ് ആരംഭിക്കും. ദിവസം 500 റെഡിമെയ്ഡ് ഷർട്ടെങ്കിലും ഉത്പാദിപ്പിക്കുകയാണു ലക്ഷ്യം.

ശ്രീജേഷിന് സമ്മാനം കൈത്തറി മുണ്ടും ഷർട്ടും

49 വർഷത്തിനുശേഷം കേരളത്തിലേക്ക് ഒളിമ്പിക് മെഡൽ കൊണ്ടുവന്ന ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് കൈത്തറി മുണ്ടും ഷർട്ടും സമ്മാനം നൽകും.

പരിഗണനയിൽ

സർക്കാർ ജീവനക്കാർക്ക് കൈത്തറിവസ്ത്രം വീണ്ടും നിർബന്ധമാക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്

-മന്ത്രി പി. രാജീവ്

Content Highlight: Encourage govt employees to wear handloom