അഗളി: അട്ടപ്പാടി താവളം മഞ്ചക്കണ്ടി ഊരിനുസമീപം തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു വനിതയുൾപ്പെടെ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു. കർണാടക സ്വദേശിനി ശ്രീമതി, തമിഴ്‌നാട്ടുകാരായ എ.എസ്. സുരേഷ്, കാർത്തി എന്നിവരാണു മരിച്ചതെന്നാണു വിവരം. എന്നാൽ, മരിച്ചവരിലൊരാൾ സുരേഷല്ലെന്നും തമിഴ്നാട്ടുകാരനായ ടി.എൻ. അരവിന്ദ് എന്നയാളാണെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തമിഴ്നാട് പോലീസ് ഒന്നുമുതൽ അഞ്ചുവരെ ലക്ഷംരൂപ തലയ്ക്കു വിലയിട്ടവരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേരുടെ സംഘമാണ് വനത്തിലുണ്ടായിരുന്നതെന്നാണു സൂചന. മാവോവാദി കബനിദളം മേധാവി മണിവാസകവും സംഘത്തിലുണ്ടായിരുന്നെന്നും ഇയാൾ രക്ഷപ്പെട്ടുവെന്നും സൂചനയുണ്ട്. ഒരാൾക്കു പരിക്കേറ്റതായും ആയുധങ്ങൾ പിടിച്ചെടുത്തതായും സൂചനയുണ്ട്.
കൃത്യമായ വിവരം ലഭിച്ചാണ് തണ്ടർബോൾട്ട് സംഘം എത്തിയതെന്നാണു സൂചന. മലപ്പുറത്തുനിന്നും അഗളിയിൽനിന്നുമുള്ള തണ്ടർബോൾട്ട് സംഘങ്ങൾ തിങ്കളാഴ്ച രാവിലെത്തന്നെ വനത്തിൽ പ്രവേശിച്ചിരുന്നു. സാധാരണ പതിനൊന്നുമണിമുതൽ മൂന്നുമണിവരെ മാവോവാദികൾ വനത്തിനുള്ളിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു നീങ്ങാറില്ല. ഉച്ചയ്ക്കുമുമ്പ് ഗൊട്ടിയാർക്കണ്ടി ധാന്യ ഊരിനുസമീപം മുത്തുക്കല്ല് വനമേഖലയിൽനിന്ന് വെടിയൊച്ച കേട്ടതായി ഇവിടത്തുകാർ പറഞ്ഞു. മാവോവാദികൾ ഇവിടെ ക്യാന്പ് ചെയ്തിരുന്നതായും ഭക്ഷണമുണ്ടാക്കിക്കഴിച്ചിരുന്നതായും സൂചനയുണ്ട്.
ഇതിനിടെ, പാലക്കാട് എസ്.പി. ശിവ വിക്രം, തണ്ടർബോൾട്ട് കമാൻഡന്റ് ചൈത്ര തെരേസ ജോൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെടിവെപ്പുണ്ടായ ഭാഗത്തേക്ക് പുറത്തുനിന്ന് ആരെയും കയറ്റിവിട്ടില്ല. രാത്രി വൈകുംവരെ മൃതദേഹങ്ങൾ വനത്തിൽനിന്നു പുറത്തേക്കു കൊണ്ടുവന്നില്ല. രാത്രി ഇവിടെ കാട്ടാനയിറങ്ങി. ചൊവ്വാഴ്ച ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോകും.
അരീക്കോടുനിന്നെത്തിയ തണ്ടർബോൾട്ട് അസിസ്റ്റന്റ് കമാൻഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. ഇപ്പോൾ കൊല്ലപ്പെട്ടവരുൾപ്പെട്ട സംഘത്തെ ഈ മാസം 16-ന് കാളികാവ് മേഖലയിൽ കണ്ടിരുന്നു. ഇവർ അട്ടപ്പാടി ഭാഗത്തേക്കു കടന്നതായും സൂചനയുണ്ടായിരുന്നു.
Content Highlights: encounter in Attappady, 3 Maoists killed