
ഇയാള്‍ ഉപയോഗിച്ചെന്നു കരുതുന്ന നാടന്‍തോക്കും കാണാം. ഫോട്ടോ: പി ജയേഷ്
കല്പറ്റ: വയനാട്ടിൽ വൈത്തിരിക്കുസമീപം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് സി.പി. ജലീലിന് (26) വെടിയേറ്റത് പിന്നിൽനിന്ന്. റിസോർട്ടിനുപുറത്ത് നിർമിച്ച വാട്ടർഫൗണ്ടന് സമീപം കമിഴ്‌ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിറകിൽനിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റു. ഒട്ടേറെ വെടിയുണ്ടകൾ ശരീരം തുളച്ചു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ലക്കിടിയിലെ സ്വകാര്യ റിസോർട്ടായ ‘ഉപവനി’ൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 50,000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടാണ് മുഖംമറച്ച രണ്ടു മാവോവാദികൾ റിസോർട്ടിലെത്തിയത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരവരെ ഏറ്റുമുട്ടൽ നീണ്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഒരാൾ കൊല്ലപ്പെട്ടതായും ബുധനാഴ്ച രാത്രിതന്നെ സംശയമുണ്ടായിരുന്നുവെങ്കിലും പോലീസ് സ്ഥിരീകരിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് ജലീലാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. മറ്റൊരു നേതാവായ വേൽമുരുകനാണ് പരിക്കേറ്റതായി സംശയമുള്ളത്. ഇയാൾ രക്ഷപ്പെട്ടെന്ന് കരുതുന്ന വഴിയിൽ രക്തം പുരണ്ടിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
ജലീലിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, സായുധപോലീസ് സംഘത്തെ കണ്ടപ്പോൾ മാവോവാദികളാണ് ആദ്യം വെടിയുതിർത്തതെന്നാണ് കണ്ണൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായയുടെ വിശദീകരണം. വെടിവെപ്പിൽ വൈത്തിരി സർക്കിൾ ഇൻസ്പെക്ടറുടെ വാഹനത്തിനും കേടുപാടുണ്ടായി. എ.കെ. 47 പോലുള്ള തോക്കുപയോഗിച്ചാണ് മാവോവാദികൾ പോലീസിനുനേരെ വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, കൊല്ലപ്പെട്ട ജലീലിന്റെ കൈയിൽനിന്ന് നാടൻ തോക്കാണ് കണ്ടെടുത്തത്. ഇത് സംശയത്തിനിടയാക്കുന്നതായി മനുഷ്യാവകാശപ്രവർത്തകർ ആരോപിക്കുന്നു.
സി.പി.ഐ. മാവോയിസ്റ്റ് കബനി, നാടുകാണി ദളങ്ങളിലെ പ്രവർത്തകനും പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി ഡോക്യുമെന്റേഷൻ എക്സ്പർട്ടുമാണ് കൊല്ലപ്പെട്ട ജലീൽ. ജലീലിന് 26 വയസ്സെന്ന് ബന്ധുക്കൾ പറയുമ്പോൾ പോലീസ് രേഖകളിൽ പ്രായം 41 ആണ്. തണ്ടർബോൾട്ടിന്റെ മാവോവാദിവേട്ടയിൽ കൊല്ലപ്പെടുന്ന ആദ്യ മലയാളിയാണ് ഇയാൾ. നിലമ്പൂർ കരുളായി വനത്തിൽ മാവോവാദി നേതാക്കൾ കൊല്ലപ്പെട്ട ഏറ്റുമുട്ടൽനടന്ന സമയത്ത് സംഭവസ്ഥലത്ത് ജലീൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സി.പി. മൊയ്തീൻ, സി.പി. റഷീദ്, സി.പി. ഇസ്മായിൽ, സി.പി. അൻസാർ, സി.പി. ജിഷാദ്, ഷെരീഫ, ഖദീജ, നൂർജഹാൻ.
അന്വേഷണം തുടങ്ങി
സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശാനുസരണം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരമുള്ള ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയൽതല അന്വേഷണങ്ങളും ഉടൻ തുടങ്ങും. ഐ.ജി. ബൽറാംകുമാർ ഉപാധ്യായ, വയനാട് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി, എസ്.പി. (ഓപ്പറേഷൻസ്) ദേബേഷ് കുമാർ ബെഹ്റ എന്നിവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കൊലപാതകം ആസൂത്രിതം
ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണ്. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന പോലീസ് വിശദീകരണമനുസരിച്ച് രാത്രി 9.45-നാണ് വെടിവെപ്പുണ്ടായത്. എന്നാൽ, പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിക്കുന്നത്. വേൽമുരുകൻ എന്ന ഒരാൾക്കുകൂടി പരിക്കേറ്റെന്നാണ് വാർത്തകൾ. അങ്ങനെയൊരാളെ കേരളത്തിലെ ഒരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടില്ല. ഇയാൾ പോലീസ് കസ്റ്റഡിയിലുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കി ചികിത്സ നൽകണം.-ജലീലിന്റെ സഹോദരൻ സി.പി. റഷീദ്
വെടിവെച്ചത് ആത്മരക്ഷയ്ക്ക്
മാവോവാദികൾക്കുനേരെ പോലീസ് വെടിവെച്ചത് ആത്മരക്ഷയ്ക്കുവേണ്ടിയാണ്. പോലീസിനെ കണ്ടപ്പോൾ മാവോവാദികളായ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും മാവോവാദികൾ അതിന് തയ്യാറാവാതെ വെടിവെച്ചു. ആത്മരക്ഷയ്ക്കായി പോലീസ് തിരിച്ചു വെടിവെച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ജലീലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.-ഐ.ജി. ബൽറാംകുമാർ ഉപാധ്യായ
content highlights:encounter between maoists and police in wayanad c p jaleel killed