തിരുവനന്തപുരം: ജീവനക്കാരുടെ സാഹിത്യസൃഷ്ടികൾക്ക് സെൻസറിങ് ഏർപ്പെടുത്തിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് പിൻവലിപ്പിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി മന്ത്രിയുടെ ഓഫീസ് വൈകീട്ടോടെ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.

സർക്കുലർ കലാസാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടെന്നും അത്തരം ഉദ്ദേശ്യം ഈ സർക്കുലറിന് ഉണ്ടായിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. സർക്കുലറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് പിൻവലിക്കാൻ നിർദേശം നൽകിയത്. കലാകാരന്മാരുടെ ആവിഷ്കാരസ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ നോവലും കഥയും കവിതയുമൊക്കെ പ്രസിദ്ധീകരിക്കണമെങ്കിൽ വിദ്യാഭ്യാസ ഉപഡയറക്ടർ യോഗ്യത നിശ്ചയിക്കുമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. സൃഷ്ടികൾ പരിശോധിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തു.

വകുപ്പിനുകീഴിലെ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ സർഗസൃഷ്ടികൾക്ക് സെൻസറിങ് ഏർപ്പെടുത്തിയെന്നായിരുന്നു സർക്കുലറിനെപ്പറ്റി ഉയർന്ന ആക്ഷേപം. സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം കൃതിയുടെ പകർപ്പും നൽകണം. പ്രസിദ്ധീകരിക്കാൻ യോഗ്യമാണോയെന്നു വിദ്യാഭ്യാസ ഉപഡയറക്ടർ പരിശോധിച്ച് റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.