തിരുവനന്തപുരം: പെരിന്തൽമണ്ണയിൽനിന്ന് ആംബുലൻസിൽ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്റെ നില മെച്ചപ്പെട്ടു. എന്നാൽ, അപകടസാധ്യത കണക്കിലെടുത്ത് അടിയന്തര ശസ്ത്രക്രിയ വേണ്ടെന്നുവെച്ചു. കുഞ്ഞിനെ തിരികെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.

തീവ്രപരിചരണ വിഭാഗത്തിൽ കാർഡിയോളജി, കാർഡിയാക് സർജൻമാരുടെ നിരീക്ഷണത്തിലാണ് മലപ്പുറം വേങ്ങൂർ സ്വദേശി കളത്തിൽ നജാദ്-ഇർഫാന ദമ്പതിമാരുടെ നാലുദിവസം മാത്രം പ്രായമായ കുഞ്ഞ്. ആംബുലൻസിൽ അഞ്ചുമണിക്കൂർകൊണ്ട് 355 കിലോമീറ്റർ താണ്ടിയാണ് കുഞ്ഞിനെ ബുധനാഴ്ച ശ്രീചിത്രയിൽ എത്തിച്ചത്.

സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് എത്രയും പെട്ടെന്ന് സങ്കീർണമായ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് മാതാപിതാക്കളുടെ സമ്മതംകാത്ത് തയ്യാറായിരിക്കുകയായിരുന്നു മെഡിക്കൽ സംഘം. എന്നാൽ, നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തുന്നത് സാഹസമാകുമെന്നതിനാൽ ബന്ധുക്കൾ വിസമ്മതം അറിയിച്ചു.

ജന്മനായുള്ള ഹൃദയവൈകല്യത്തിനാണ് ചികിത്സ. സർക്കാരിന്റെ ഹൃദ്യം പദ്ധതിപ്രകാരമാണ് കുട്ടിയെ ശ്രീചിത്രയിൽ ചികിത്സിക്കുന്നത്.

Content Highlights: emergency surgery is very dangerous for infant from perinthalmanna