ഗുരുവായൂർ: ആനക്കോട്ടയിലെ കൊമ്പൻ കീർത്തിക്ക് പൊള്ളലേറ്റതുപോലുള്ള പരിക്കുകൾ കണ്ടെത്തി. തലയ്ക്ക് മുകളിലും കഴുത്തിലുമാണ് പരിക്കുള്ളത്. ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ പരിക്കേറ്റത് ദുരൂഹമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനക്കോട്ടയിലെത്തി പരിശോധിച്ചു. പാപ്പാൻമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം കൃത്യമായി പറയാൻ ഇവർക്കാർക്കും സാധിക്കുന്നില്ല.

തലയുടെ മുകൾഭാഗത്തും പാപ്പാൻ ഇരിക്കുന്ന സ്ഥലത്തിനടുത്തുമാണ് വലിയ പരിക്കുകൾ. ഇതിന് നടുക്കുള്ളത് ചെറുതാണ്. പൊള്ളലിന് പഴക്കമുണ്ടെന്നാണ് കരുതുന്നത്.

ആനക്കോട്ടയിലെ ചെറുപ്പക്കാരനായ ആനയാണ് 28 വയസ്സുള്ള കീർത്തി. മണ്ണിൽ കലർന്ന ആസിഡ് പോലെയുള്ള വസ്തുക്കളാകാം കാരണമെന്നാണ് ആനക്കോട്ട അധികൃതരും പാപ്പാൻമാരും സംശയിക്കുന്നത്. മനുഷ്യവിസർജ്യം പുരണ്ടാൽ പോലും ഇത്തരം പൊള്ളലുകൾ ഉണ്ടാകാം. മണ്ണിലുള്ളതെല്ലാം ആന തലയ്ക്കുമുകളിലൂടെ വിതറുമെന്നതിനാലാകാം പുറത്തെ മുറിവെന്ന ന്യായീകരണവും ഇവർ പറയുന്നു. എന്നാൽ എന്തുകൊണ്ട് തുമ്പിക്കൈയിൽ പൊള്ളലേറ്റില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല.

വ്യായാമത്തിന്റെ ഭാഗമായി ആറു കിലോമീറ്റർ നടത്തേണ്ട പട്ടികയിൽ കീർത്തിയെ ഉൾപ്പെടുത്തിയതിനു തൊട്ടടുത്ത ദിവസമാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്. ഇതു സംബന്ധിച്ച് ആരോ വനംവകുപ്പിന് പരാതി അയയ്ക്കുകയായിരുന്നു.

ആനക്കോട്ടയിലെ ഉദ്യോഗസ്ഥർപോലും സംഭവം അറിയുന്നത് വനംവകുപ്പ് പരിശോധനയ്ക്ക് എത്തിയപ്പോൾ മാത്രമാണ്. പരിക്കിന് പഴക്കമുണ്ടായിട്ടും, ഇതിനുശേഷമാണ് ചികിത്സ ആരംഭിച്ചത്. ആനക്കോട്ടയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മുറിവുകളിൽ മരുന്ന് പുരട്ടി.

കീർത്തിക്ക് പൊള്ളലേറ്റതിന്റെ വെളിച്ചത്തിൽ വനംവകുപ്പുദ്യോഗസ്ഥർ മറ്റ് ആനകളെയും പരിശോധിച്ചു. അടുത്തിടെ മദപ്പാടിൽ നിന്നഴിച്ച ഒരാനയെ പാപ്പാൻ മർദിച്ചതിന്റെ വിവരങ്ങളും വനംവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഏറെക്കാലമായി പൂരങ്ങൾക്കൊന്നും വിടാതിരുന്ന കീർത്തിയെ രണ്ടു വർഷം മുമ്പ് ക്ഷേത്രത്തിൽ ശീവേലിക്ക്‌ കൊണ്ടുവന്നിരുന്നു.

ആനയ്ക്ക് പൊള്ളലേറ്റ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞത്. സംഭവം ഗൗരവമായി അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.