തൃശ്ശൂർ: വൈദ്യുതവാഹനങ്ങളിലേക്ക് രാജ്യം കുതിക്കുമ്പോൾ പരിസ്ഥിതിമലിനീകരണം കുറയുന്നതിനോടൊപ്പം ഇന്ധനച്ചെലവിൽ വൻ ലാഭവും. നിലവിലെ കണക്ക് അനുസരിച്ച് രാജ്യത്തിപ്പോൾ 2,60,000 വൈദ്യുതവാഹനങ്ങളുണ്ട്. വൈദ്യുത ബസ് മുതൽ ബാറ്ററി സ്കൂട്ടർ വരെ ഇതിലുൾപ്പെടും. ഇത്രയും വാഹനങ്ങൾ വൈദ്യുതിയിലേക്ക് മാറിയതുവഴി ലാഭിക്കാനായത് 3.7 കോടി ലിറ്റർ ഇന്ധനം ആണ്. പരമാവധി വാഹനങ്ങൾ വൈദ്യുതിയിലേക്ക് മാറ്റുന്നതിനായി ആവിഷ്കരിച്ച ഫെയിം പദ്ധതിയുടെ കണക്കാണിത്. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ്‌ മാനുഫാക്‌ചറിങ് ഒാഫ് ഇലക്‌ട്രിക് ആൻഡ്‌ ഹൈബ്രിഡ് വെഹിക്കിൾ പ്ലാനാണ് ഫെയിം. ഇവരുടെ കണക്കുപ്രകാരം ക്രൂഡ് ചെലവിൽ മാത്രം 110 കോടിയിലേറെ ലാഭിക്കാനായി.

2030-ഒാടെ രാജ്യമൊട്ടുക്കും വൈദ്യുതവാഹനങ്ങളാക്കാനാണ് കേന്ദ്രം ഫെയിം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി രാജ്യത്തെ വൈദ്യുതവാഹനങ്ങളുടെ സാധ്യതാപഠനം 2017-ൽ നീതി ആയോഗും അമേരിക്കയിലെ റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയിരുന്നു.

2030-ൽ ഇന്ത്യയൊട്ടുക്കും വൈദ്യുതവാഹനങ്ങളായാൽ ക്രൂഡ് ചെലവിൽ മാത്രം പ്രതിവർഷം 3.9 ലക്ഷം കോടി രൂപ ലാഭിക്കാമെന്നാണ് കണ്ടെത്തിയത്. ഇന്ധനവാഹനങ്ങൾ പുറന്തള്ളുന്ന ഒരു ഗിഗാ ടൺ കാർബൺ ഡൈ ഒാക്സൈഡും ഒഴിവാകും.

രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിനും ഇന്ധനവാഹനങ്ങൾ‍ കുറയ്ക്കുന്നതിനും പുതിയ നികുതിരീതികൾ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇന്ധനവാഹനങ്ങൾക്ക് കൂടുതൽ നികുതിയും വൈദ്യുതവാഹനങ്ങൾക്ക് കൂടുതൽ സബ്സിഡിയും ഏർപ്പെടുത്താനാണ് ഒരുങ്ങുന്നത്. വാഹനങ്ങൾക്ക് നിലവിൽ ഉയർന്ന ജി.എസ്.ടി. സ്ലാബായ 28 ശതമാനമാണ് നികുതി. ഇതിനു പുറമേ 15 ശതമാനം വരെ സെസും ഇൗടാക്കുന്നുണ്ട്. ജി.എസ്.ടി. നിരക്ക് പരമാവധിയിലെത്തി നിൽക്കുന്നതിനാൽ അത് വർധിപ്പിക്കുക സാധ്യമല്ല. എന്നാൽ, സെസ് ഉയർത്താം. വില കൂടിയതും വലുപ്പമേറിയതുമായ കാറുകളുടെ സെസ് ഉയർത്തി അതിലൂടെ കിട്ടുന്ന തുക വൈദ്യുതവാഹനങ്ങൾക്ക് സബ്സിഡിയായി നൽകാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ കേന്ദ്രം വൈദ്യുതവാഹനങ്ങൾക്ക് 7,500 മുതൽ 61 ലക്ഷം വരെ സബ്സിഡി നൽകുന്നുണ്ട്. ഇതുവരെ വൈദ്യുതവാഹനങ്ങൾക്ക് കേന്ദ്ര സബ്സിഡി ഇനത്തിൽ 305 കോടി നൽകിയിട്ടുണ്ട്.