കൊച്ചി: ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന വൈദ്യുത ബസുകൾ കെ.എസ്.ആർ.ടി.സി.ക്ക് ബാധ്യതയാകുന്നു. പരിസ്ഥിതിസൗഹൃദവും ശബ്ദരഹിതവുമെന്ന പേരിൽ പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന ഇവ നഷ്ടത്തിലാണ് ഓടുന്നത്. ഒക്ടോബർ മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത് ഒരുദിവസം ഒരു ബസിന് ശരാശരി വരുമാനം 15,707 രൂപമാത്രം. ചാർജിങ് ചാർജും വാടകയും ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവെല്ലാംകൂടി കൂട്ടുമ്പോൾ സർവീസ് ലാഭമല്ലാതാകുകയാണ്.

ബസിന്റെ വാടക തന്നെയാണ് പ്രധാന ബാധ്യത. വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കിയ ബസ് ഒരു കിലോമീറ്റർ ഓടുന്നതിന് 43.26 രൂപയാണ് കോർപ്പറേഷൻ നൽകേണ്ട വാടക. തിരുവനന്തപുരത്തുനിന്ന് എറണാകുളംവരെ ഓടുന്ന ബസിന് വാടക ഇനത്തിൽ മാത്രം 9000 രൂപയ്ക്ക് മുകളിൽവരും. ഇന്ധനക്ഷമതയുടെ കാര്യത്തിൽ ബസ് ലാഭത്തിലാണ്. എ.സി. ഡീസൽ ബസുകൾക്ക് ഒരു കിലോമീറ്റർ ഓടുന്നതിന് ഡീസൽ ഇനത്തിൽ 35.64 രൂപ ചെലവുണ്ട്. അതേസമയം, എ.സി. വൈദ്യുത ബസുകൾക്ക് 1.5 കിലോവാട്ട് വൈദ്യുതിയാണ് വേണ്ടത്. ഇതിന് ചെലവാകുന്നത് 8.63 രൂപയാണ്. ചാർജിങ്ങിനായി ഒരു ബസിന് ദിവസം 2500 രൂപയ്ക്ക് മുകളിൽ ചെലവുവരുന്നുണ്ട്.

തിരുവനന്തപുരം സിറ്റി, എറണാകുളം എന്നീ ഡിപ്പോകളെ കേന്ദ്രീകരിച്ചാണ്. തിരുവനന്തപുരം -എറണാകുളം റൂട്ടിൽ പത്ത് വൈദ്യുതബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഇതിൽ മൂന്നെണ്ണം അപകടത്തിൽപ്പെട്ട് നിർത്തി. ശബരിമല സീസൺ ആരംഭിച്ചതുമുതൽ ബസ് ഇവിടേക്ക് സർവീസ് മാറ്റി. എന്നാൽ, ഇവിടെയും ലാഭം ഉണ്ടാക്കാൻ കഴിയുന്നില്ല.

ലാഭമല്ലെന്ന് പറയുമ്പോൾപോലും കെ.എസ്.ആർ.ടി.സി. വെറ്റ് ലീസ് വ്യവസ്ഥയിൽ 12 മീറ്റർ നോൺ എ.സി. വൈദ്യുത ബസുകൾ വാങ്ങാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം-100, എറണാകുളം-100, കോഴിക്കോട്- 50 എന്നിങ്ങനെ 250 ബസുകളാണ് എത്തിക്കുക. ഇതിനായി ദർഘാസ് ക്ഷണിച്ചിരിക്കുകയാണ്.

Content Highlights: Electric buses as liability for KSRTC