തിരുവനന്തപുരം: തദ്ദേശതിരഞ്ഞടുപ്പിന് 2019-ലെ വോട്ടർപ്പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയാണെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷന് ജോലികൂടും. ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടർപ്പട്ടിക വാർഡ് അടിസ്ഥാനത്തിലേക്കുമാറ്റുന്ന ജോലിയും വാർഡുകളുടെ അതിർത്തി പുനഃക്രമീകരിക്കാൻ ഉത്തരവുണ്ടായാൽ പുനർനിർണയവും ഒരേസമയം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ടിവരും. തിരഞ്ഞടുപ്പ് നടക്കാൻ ഇനി മാസങ്ങൾ മാത്രമാണുള്ളത്.

2019-ലെ വോട്ടർപ്പട്ടിക മതിയെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കമ്മിഷൻ അപ്പീൽ പോകുന്നില്ലെങ്കിൽ പട്ടികമാറ്റജോലി ഉടൻ ആരംഭിക്കേണ്ടിവരും. അപ്പീൽ നൽകിയാലും തീരുമാനം വൈകുകയോ തള്ളുകയോ ചെയ്താലും പ്രതിസന്ധിയാണ്.

ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷൻ ആലോചിക്കുന്നത്. അതിർത്തി പുനർനിർണയത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം എത്രയെന്ന്‌ ധാരണയായിട്ടുണ്ടെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഞ്ചുമാസം വേണ്ടിവരുമെന്നാണ് കമ്മിഷൻ പറയുന്നത്.

വാർഡ് അതിർത്തി പുനർനിർണയത്തിന് നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഒപ്പിട്ട് നിയമമായാൽമാത്രമേ ഔദ്യോഗികനടപടികൾ തുടങ്ങാനാകൂ. ഉത്തരവ് വൈകാതിരുന്നാൽ നിശ്ചിതസമയത്തിനകം പുനർനിർണയം പൂർത്തിയാക്കാമെന്നാണ്‌ കമ്മിഷൻ പറയുന്നത്. ഉത്തരവ് വൈകിയാൽ കമ്മിഷന്റെ പ്രവർത്തനത്തെ ബാധിക്കും.

ബൂത്തുതലത്തിലുള്ള വോട്ടർപ്പട്ടിക വാർഡുതലത്തിലാക്കാൻ സമയമെടുക്കുമെന്നും കമ്മിഷൻ പറയുന്നു.

Content Highlights: State Election Commission