തിരുവനന്തപുരം: മതസ്പർധ വളർത്തുന്ന തരത്തിൽ പ്രസംഗിച്ചതിന് ബി.ജെ.പി. അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്.
ആറ്റിങ്ങൽ എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിൽ നടത്തിയ പ്രസംഗമാണ് നോട്ടീസിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസ് നേരത്തേ ശ്രീധരൻപിള്ളയുടെപേരിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു.
ആറ്റിങ്ങലിൽ നടത്തിയ പ്രസംഗത്തിൽ ബാലാകോട്ട് വിഷയം പ്രതിപാദിക്കുന്നതിനിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. ഇതേത്തുടർന്ന് വി. ശിവൻകുട്ടി ആറ്റിങ്ങൽ പോലീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു. ഇതു പരിശോധിച്ച സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പി.എസ്. ശ്രീധരൻ പിള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രീധരൻ പിള്ളയിൽനിന്ന് വിശദീകരണം തേടി നോട്ടീസയച്ചിരിക്കുന്നത്.
Content Highlights: Election Commission Sends Notice to PS Sreedharan Pillai