കാസർകോട്: കെ. സുരേന്ദ്രനെതിരായ തിരഞ്ഞെടുപ്പ് കൈക്കൂലി കേസിൽ കെ. സുന്ദര ചെലവാക്കിയ തുക കണ്ടെത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി. കൈക്കൂലിയായി ലഭിച്ച രണ്ടരലക്ഷം രൂപയിൽ ഒന്നരലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇത് ആർക്കൊക്കെയാണ് കൊടുത്തതെന്ന് കണ്ടെത്തി പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. രണ്ടരലക്ഷത്തിൽ ഒരുലക്ഷം രൂപ സുന്ദര സുഹൃത്തിന്റെ സഹായത്തോടെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇതിന്റെ രേഖകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിപ്പണം മുഴുവനായും കണ്ടെത്തുന്നത് കേസിന് കൂടുതൽ ശക്തിപകരും.

കേസിൽ കെ. സുന്ദര, അമ്മ ബേട്ജി, ബന്ധു, പരാതിക്കാരൻ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ പണം ലഭിച്ചതായി കെ. സുന്ദരയും അമ്മ ബേട്ജിയും സമ്മതിച്ചിട്ടുണ്ട്. കേസിൽ നിലവിൽ കെ. സുരേന്ദ്രനെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി. സ്ഥാനാർഥിയായി പത്രിക നൽകിയ കെ. സുന്ദയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നാണ് കേസ്. ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.