തിരുവനന്തപുരം: ന്യൂനപക്ഷവോട്ടുകൾ പോക്കറ്റിലാണെന്ന് പണ്ടേക്കുപണ്ടേ വിശ്വസിച്ചുപോരുന്നവരാണ് യു.ഡി.എഫുകാർ. സമദൂരംവിട്ട് ശരിദൂരചിന്തയുമായി പ്രബലസമുദായംകൂടി കൂട്ടുകൂടാൻ എത്തിയതോടെ വിശ്വാസികൾ രക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അവർ. വാനോളമുണ്ടായിരുന്ന ഈ വീരവാദത്തിന്റെ കാൽമുട്ട് തകർക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സ്വന്തംകീശയിൽനിന്ന് വട്ടിയൂർക്കാവും കോന്നിയും ചോർന്നുപോയതുതന്നെ ഉദാഹരണം.

പരാജയകാരണം പഠിക്കുമെന്ന് ആവർത്തിക്കുന്ന കെ.പി.സി.സി., യു.ഡി.എഫ്. നേതാക്കൾക്കുമുന്നിൽ പാലായിലെ പാഠപുസ്തകം മലർക്കെ തുറന്നുകിടക്കുകയായിരുന്നു; ചൂടാറാതെ. ഒരക്ഷരം പഠിച്ചില്ലെന്നുമാത്രമല്ല, മറിച്ചുനോക്കുകപോലുമുണ്ടായില്ലെന്നതിന് ഉദാഹരണംകൂടിയാണ് ഈ രണ്ടുമണ്ഡലങ്ങൾ.

2011-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലം വട്ടിയൂർക്കാവായി പരിണമിച്ചപ്പോൾ ഒരു യു.ഡി. എഫ്. മണ്ഡലത്തിനാവശ്യമായ എല്ലാ ചേരുവയും അവിടെയുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഈ സമുദായ സമവാക്യങ്ങൾ മുന്നണിയെ ഒരുപരിധിവരെ തുണച്ചു. ഇക്കുറി ചില സമുദായനേതാക്കൾതന്നെ പടിക്കെട്ടുകൾ കയറി മണ്ഡലത്തിലിറങ്ങിയപ്പോൾ വിജയം അനായാസമാകുമെന്ന അമിതപ്രതീക്ഷയാണ് നേതാക്കൾക്കുണ്ടായിരുന്നത്. നിഷ്പക്ഷവോട്ടർമാർ ഈ കൂട്ടുകെട്ട് തള്ളിക്കളഞ്ഞുവെന്നുമാത്രമല്ല ഇതരസമുദായങ്ങളുടെ എതിർപ്പ് വർധിക്കുകയുംചെയ്തു.

ഇടത് അടിത്തറയുള്ള അരൂരിൽ യു.ഡി.എഫിന് ആശ്വാസജയമാണ്. ചിട്ടയായ പ്രവർത്തനം നടത്തിയതിന്റെ ഫലം അവിടെയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിക്കപ്പോഴും യു.ഡി.എഫ്. മേൽക്കൈ നേടിയിരുന്നിടമാണ് അരൂർ. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ 648 വോട്ടിന്റെയെങ്കിലും ലീഡ് അവിടെ യു.ഡി.എഫിനുണ്ടായിരുന്നു. അനുകൂലകാലാവസ്ഥ മുതലെടുത്ത് അതേ സ്ഥാനാർഥിതന്നെ മണ്ഡലത്തിലങ്ങോളമിങ്ങോളം ഇറങ്ങിനടന്നതിന്റെ ഫലമാണ് കൊയ്യാനായത്.

കോട്ടയായ എറണാകുളത്ത് ടി.ജെ. വിനോദ് നേടിയ വിജയത്തിൽ അഭിമാനിക്കാൻ യു.ഡി.എഫിനൊന്നുമില്ല. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ 21,949 വോട്ടുകൾക്കാണ് എം. അനിൽകുമാറിനെ തോൽപ്പിച്ചത്. ഇക്കുറി വിനോദിന്റെ ഭൂരിപക്ഷം 3750 ആയി കുറഞ്ഞതിന് മഴയെമാത്രം പഴിക്കാനാകില്ല.

മഞ്ചേശ്വരത്ത് കഴിഞ്ഞതവണ 89 വോട്ടുകൾക്കാണ് അബ്ദുൾ റസാഖ് കടന്നുകൂടിയതെങ്കിൽ അത് ലീഗ് ഒരു പാഠമാക്കിയിരുന്നു. കൃത്യമായ വിലയിരുത്തലകളിലൂടെ വോട്ടുബാങ്ക് വർധിപ്പിക്കാൻ അവർ ശ്രദ്ധിച്ചു. ലോക്‌സഭാതിരഞ്ഞെടുപ്പിൽ അതുഫലം കണ്ടു. ഇക്കുറി അതവർ ആവർത്തിക്കുകയുംചെയ്തു.