കൊച്ചി: ഡി.ഐ.ജി. ഓഫീസ് മാർച്ചിൽ പങ്കെടുത്ത തന്നെ പോലീസ് ലാത്തിച്ചാർജ് ചെയ്തതിൽ നടപടി ആവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പരാതി നൽകി. ഒരു പ്രകോപനവുമില്ലാതെ തന്നെയും പ്രവർത്തകരെയും തല്ലുകയായിരുന്നുവെന്ന് എൽദോ എബ്രഹാം പരാതിയിൽ വിശദീകരിച്ചു. സാധാരണ സമരങ്ങളിൽ കാണുന്നതിന് അപ്പുറം പ്രവർത്തകരുടെ ഇടയിൽനിന്ന് ഒരു പ്രകോപനവും ഉണ്ടായിട്ടില്ല. എ.സി.പി. കെ. ലാൽജി, സെൻട്രൽ എസ്.ഐ. വിപിൻദാസ് എന്നിവർ യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. എം.എൽ.എ. ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് മർദിച്ചത്. താൻ ഉൾപ്പെടെ പതിനൊന്നോളം പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. എസ്.ഐ. വിപിൻദാസ് തനിക്കുനേരെ ലാത്തി വീശുന്നതിന്റെ ചിത്രവും പരാതിയോടൊപ്പം വെച്ചിട്ടുണ്ട്.

പോലീസിനെതിരേ എൽദോസ് ബുധനാഴ്ചയും ശക്തമായ വിമർശനം ഉന്നയിച്ചു. പോലീസ് നേരായ വഴിക്കല്ല പോകുന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് തുടർച്ചയായി വീഴ്ചകൾ ഉണ്ടാവുകയാണ്. തെറ്റ് കണ്ടാൽ അത് പറയാൻ സി.പി.ഐ.ക്ക് മടിയില്ല. പാർട്ടി ഒരു തിരുത്തൽ ശക്തിയായി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

content highlights: Eldho Abraham MLA Lodges Complaint With Speaker