കണ്ണൂർ: പുതുവർഷദിനത്തിൽ കണ്ണൂർ ജില്ലയിൽ വൻ മയക്കുമരുന്നുവേട്ട. രണ്ട് സംഭവങ്ങളിലായി യുവതിയുൾപ്പെടെ എട്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് മെത്തിലിൻ ഡയോക്സി മെത്താംഫിറ്റാമിൻ (എം.ഡി.എം.എ.), എൽ.എസ്.ഡി., ഹഷീഷ് ഓയിൽ തുടങ്ങിയ മാരക മയക്കുമരുന്നുകൾ പിടിച്ചെടുത്തു. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് മയക്കുമരുന്നുകളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ബക്കളത്തെ ഹോട്ടലിൽനിന്നാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം യുവതിയുൾപ്പെടെയുള്ള ഏഴംഗസംഘത്തെ അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് സമീപത്തെ സമീറലി (28), ഏഴോം നരിക്കോട്ടെ പി.സി.ത്വയിബ് (28), പൂമംഗലം ഹബീബ് നഗറിലെ പി.മുഹമ്മദ് ഹനീഫ (52), കാസർകോട്ടെ മുഹമ്മദ് ഷഫീക്ക് (22), കാസർകോട് പച്ചവളയിലെ എച്ച്.മുഹമ്മദ് ഷിഹാബ് (32), വയനാട് കൂളിവയലിലെ കെ.ഷഹബാസ് (28), പാലക്കാട് ചിറ്റൂരിലെ എം.ഉമ (24) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ എം.ദിലീപ് അറസ്റ്റ് ചെയ്തത്.

53 ഗ്രാം എം.ഡി.എം.എ., 0.1750 ഗ്രാം എൽ.എസ്.ഡി., 5.37 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയും രണ്ട് ഇരുചക്രവാഹനങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. മയക്കുമരുന്നുകൾ തൂക്കി പായ്ക്ക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ. തൂക്കാനുള്ള ഉപകരണവും പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് നാലുലക്ഷം രൂപയോളം വില വരും. ഒരു ഗ്രാം കൈവശം വെക്കുന്നതിന് 10 വർഷം വരെ കഠിനതടവാണ് ശിക്ഷ.

പല ഹോട്ടലുകളിലായി മാറി മാറി താമസിച്ചാണ് പ്രതികൾ ഇവ വിതരണം ചെയ്തിരുന്നത്. നേരത്തേ കോൾമെട്ടയിലെ ഒരു ഹോട്ടലിൽ തങ്ങിയതായി വിവരമുണ്ട്. പിടിയിലായ ഉമ മാസങ്ങളായി വീട്ടിൽ പോകാറില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. രഹസ്യവിവരത്തെ തുടർന്ന് രാവിലെ ഒൻപതോടെയാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ സമീറലി നേരത്തേയും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി.

എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്‌ സ്പെഷ്യൽ സ്ക്വാഡ് സി.ഐ. കെ.സുദേവന്റെ നേതൃത്വത്തിൽ ഇരിക്കൂർ നിടുവള്ളൂർ പള്ളിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇരിക്കൂർ സ്വദേശി വയക്കാംകോട് പൈസായി ‘ഫാത്തിമ മൻസിലി’ൽ കെ.ആർ.സാജിദ് (34) അറസ്റ്റിലായത്. ഒൻപത് ഗ്രാം എം.ഡി.എം.എ.യും ബൈക്കും ഇയാളിൽനിന്ന്‌ പിടിച്ചെടുത്തു.

കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അൻസാരി ബീഗുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഒരുമാസമായി ഇരിക്കൂർ ടൗണും പരിസരവും എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഡയനാമോസ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് പുലർച്ചെ രണ്ടുവരെ യുവാക്കൾ ലഹരിതേടി എത്തുന്നതായി ഉദ്യോഗസ്ഥർ മനസ്സിലാക്കി. പിടിയിലായ സാജിദ് മുൻപും നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ കണ്ണൂർ ജുഡീഷ്യൽ സെക്കൻ‍ഡ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി.

ഓഫീസർമാരായ സി.കെ.ബിജു, സജിത്ത് കണ്ണിച്ചി, പി.സി.പ്രഭുനാഥ്, കെ.ഇസ്മയിൽ, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം പി.ജലീഷ്, എക്സൈസ് ഷാഡോയിലെ കെ.ബിനീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

എം.ഡി.എം.എ.

മോളി, എക്റ്റസി, എം എന്നീ ചെല്ലപ്പേരുകളിലറിയപ്പെടുന്ന ലഹരിമരുന്നാണ് മെത്തിലിൻ ഡയോക്സി മെത്താംഫിറ്റാമിൻ അഥവാ എം.ഡി.എം.എ. പൊടിരൂപത്തിലുള്ള ഇൗ വസ്തുവിന്റെ തീരെ ചെറിയൊരു പൊതിക്ക് 3000 രൂപവരെ വിലയുണ്ട്.

Content Highlight: Eight  arrested for drug smuggling