തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ.) വിജ്ഞാപനത്തിന്റെ കരടിനെ കേരളം എതിർക്കും. വൻകിട പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി ലഭിക്കാൻ നേരത്തേയുണ്ടായിരുന്ന ജില്ലാതല സമിതികൾ പുനഃസ്ഥാപിച്ച് ഹിയറിങ് നടത്തണമെന്ന ആവശ്യം കേരളം ശക്തമായി ഉന്നയിക്കും. ഒപ്പം, കരടിലെ വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിയാകും ഇ.ഐ.എ. നോട്ടിഫിക്കേഷൻ 2020-നെപ്പറ്റി കേരളം ചൊവ്വാഴ്ച നിലപാട് അറിയിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പരിസ്ഥിതിമേഖലയിൽ വൻതോതിൽ ആഘാതമുണ്ടാക്കുന്ന വിജ്ഞാപനത്തിനെതിരേ സർക്കാരിന്റെ എതിർപ്പറിയിക്കാൻ വൈകിയതിൽ പ്രതിഷേധം ശക്തമാണ്. അഭിപ്രായമറിയിക്കാൻ അവസാനദിവസംവരെ എന്തിനു കാത്തിരുന്നു എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. എതിരായ നിലപാട് സർക്കാർ സ്വീകരിക്കണമെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം തിങ്കളാഴ്ച രാവിലെ പ്രതികരിച്ചു.

കരട് വിജ്ഞാപനത്തോടുള്ള നിലപാട് സംബന്ധിച്ച് ഫയൽ തിങ്കളാഴ്ച വൈകീട്ടുവരെ പരിസ്ഥിതിവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു. വിജ്ഞാപനത്തെ ആകെത്തന്നെ എതിർക്കേണ്ടെന്ന നിലപാടാണ് വകുപ്പ് മുന്നോട്ടുവെച്ചതെന്നാണു വിവരം. എന്നാൽ, സി.പി.എം. കേന്ദ്രനേതൃത്വം വിജ്ഞാപനത്തിനെതിരേ നേരത്തേതന്നെ രംഗത്തുണ്ട്. ഡി.വൈ.എഫ്.ഐ.യും ശക്തമായ എതിർപ്പ് പരസ്യമാക്കിക്കഴിഞ്ഞു.

സമയത്ത് മറുപടി

നിശ്ചിത സമയത്തിനുള്ളിൽത്തന്നെ മറുപടി കൊടുക്കും. ഇപ്പോഴുള്ളതിനോട് പൊതുവേ യോജിക്കുന്ന നിലയല്ല സംസ്ഥാന സർക്കാരിനുള്ളത്.

-മുഖ്യമന്ത്രി പിണറായി വിജയൻ

നീക്കം അപലപനീയം

പരിസ്ഥിതി ആഘാത പഠനം നടത്താതെ പദ്ധതികൾ തുടങ്ങാനുള്ള കേന്ദ്രനീക്കം അപലപനീയമാണ്. അടിയന്തരമായി പ്രതിഷേധമറിയിക്കണം. ഇത്തരത്തിൽ പദ്ധതി നടപ്പാക്കുന്നത് പരിസ്ഥിതിയുടെ അന്ത്യമായിരിക്കും.

- പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല