തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലേതുപോലെ വൻകിട ഖനികളോ പെട്രോകെമിക്കൽ പോലുള്ള ഫാക്ടറികളോ ഇവിടെയില്ലാത്തതിനാൽ വലിയ പ്രത്യാഘാതമുണ്ടാകുന്ന തരത്തിൽ പുതിയ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് ഭരണനേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെയാണ് കരടിനെ മൊത്തത്തിൽ എതിർക്കേണ്ടെന്ന സമീപനത്തിലേക്ക് സർക്കാർ ഏറെക്കുറെ എത്തിയത്.

ക്വാറികളുടെ പ്രവർത്തനം, വൻകിട ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമാണം എന്നിവയാണ് കേരളത്തെ നേരിട്ടുബാധിക്കുന്നത്. പശ്ചിമഘട്ടത്തെ കൂടുതൽ തുരന്ന് ദുർബലമാക്കുന്ന തരത്തിൽ ക്വാറികൾ കൂടാൻ പുതിയ നയം ഇടയാക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധരുടെ ആശങ്ക. ക്വാറികൾ കൂടൂന്നതിൽ പൊതുസമൂഹത്തിനുള്ള എതിർപ്പ് ശക്തവുമാണ്. ക്വാറികളുടെ പ്രവർത്തനത്തിന് അമിത ഇളവുകൾ ലഭിക്കുമെന്നതടക്കമുള്ള ആശങ്കയാണ് പരിസ്ഥിതി പ്രവർത്തകരുടേത്.

എന്നാൽ, കേരളത്തിൽ ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. മാത്രവുമല്ല, ക്വാറികളുടെ പ്രവർത്തനത്തിന് ശക്തമായ നിയമങ്ങളുണ്ട്. അവ നടപ്പാക്കിയാൽ ആശങ്കയുടെ കാര്യമില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഫ്ളാറ്റുകളുടെ നിർമാണത്തിന് ഒന്നരലക്ഷം ചതുരശ്ര മീറ്റർവരെയുള്ളവയെ കരടിൽ മുൻകൂർ പരിസ്ഥിതി അനുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതും പാരിസ്ഥികാഘാതത്തിന് കാരണമാകുമന്നാണ് വിലയിരുത്തൽ. കേരളത്തിൽ ആദ്യമിത് 20,000 ചതുരശ്രമീറ്ററായിരുന്നു. ഇപ്പോഴത് 30,000 ചതുരശ്രമീറ്ററാണ്. എന്നാൽ, കരട് പ്രകാരം ബഹുനില സമുച്ചയങ്ങൾവരെ പരിസ്ഥിതി അനുമതിയാല്ലാതെ നിർമിക്കാം.

താഴേത്തട്ടുമുതൽ പാരിസ്ഥിക അനുമതി തേടിയാൽ തീരുമാനമെടുക്കുന്നത് വൈകുകയും വികസനത്തെ ബാധിക്കുകയും ചെയ്യും. എന്നാൽ, ജില്ലാതലത്തിൽ ഹിയറിങ്ങിന് കളക്ടർ അധ്യക്ഷനായ സമിതിയുണ്ടായാൽ തീരുമാനം വേഗത്തിലാക്കാമെന്നു സർക്കാർ കരുതുന്നു. സമിതി പുനഃസ്ഥാപിക്കുക എന്നതാകും കേരളം ആവശ്യപ്പെടുന്ന പ്രധാന മാറ്റങ്ങളിലൊന്ന്.