കോട്ടയ്ക്കല്‍: ചൊറിച്ചിലും അലര്‍ജിയുമുണ്ടാക്കുന്ന മരമാണ് ചേര്. ഇതിന്റെ പേരില്‍ ചേര് വെട്ടിയൊഴിവാക്കുന്നവര്‍ കേള്‍ക്കുക; ചേരുമരത്തിന്റെ ശുദ്ധിവരുത്തിയ കുരുവിന് അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ കഴിവുണ്ട്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധസസ്യഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍.

ആയുര്‍വേദത്തില്‍ വിഷാംശം അടങ്ങിയ മരുന്നുചെടികളില്‍പ്പെട്ടതാണ് ചേരിന്‍കുരു. ഇത്തരം ചെടികള്‍ മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്നതിനുമുന്‍പ് ചില ശുദ്ധീകരണപ്രക്രിയ നടത്തണം. ആയുര്‍വേദവിധിപ്രകാരം ശുദ്ധിചെയ്ത ചേരിന്‍കുരു സാമ്പിളുകളും അസംസ്‌കൃത രൂപത്തില്‍ ഉള്ള ചേരിന്‍കുരുവും ആണ് പഠനങ്ങള്‍ക്കുവിധേയമാക്കിയത്.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ശുദ്ധിചെയ്ത ചേരിന്‍കുരുവിന് അര്‍ബുദത്തെ ചെറുക്കാന്‍ കഴിവുള്ളതായി കണ്ടെത്തി. അനാകാഡിക് ആസിഡുകളുടെ വ്യത്യസ്ത രൂപങ്ങള്‍ ചേരിന്‍കുരുവില്‍ ഉണ്ട്. ശുദ്ധി ചെയ്യുമ്പോള്‍ ഇതില്‍ ചിലത് കാഡനോള്‍ എന്ന മറ്റൊരു രൂപത്തിലേക്ക് മാറുന്നു. ഇത് ഇതിന്റെ വിഷാംശം കുറയ്ക്കുകയും അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ ഉള്ള കഴിവ് കൂട്ടുകയും ചെയ്യുന്നു

മുംബൈ ആസ്ഥാനമായ നവജ്ഭായി രത്തന്‍ടാറ്റ ട്രസ്റ്റിന്റെ സാമ്പത്തികസഹായത്തോടു കൂടിയാണ് ഗവേഷണം നടത്തിയത്. ഔഷധ സസ്യഗവേഷണ കേന്ദ്രത്തില്‍ന്റെ പ്രോജക്ട് ഡയറക്ടര്‍ ഡോ. ഇന്ദിര ബാലചന്ദ്രന് കീഴില്‍ ഫൈറ്റോകെമിസ്ട്രി വിഭാഗം തലവന്‍ ഡോ. സി.ടി. സുലൈമാന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.

ഗവേഷണപ്രബന്ധം അമേരിക്കയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന റെഗുലേറ്ററി ടോക്സിക്കോളജി ആന്‍ഡ് ഫാര്‍മക്കോളജി എന്ന ജേര്‍ണലിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൈറ്റോകെമിസ്ട്രി വിഭാഗത്തിലെ എം. ദീപക്, കെ.ആര്‍. ലിജിനി, ഊട്ടി ജെ.എസ്.എസ്. കോളേജ് ഓഫ് ഫാര്‍മസിയിലെ ഡോ. ടി.കെ. പ്രവീണ്‍, ആര്യവൈദ്യശാലാ പ്രോഡക്ട് ഡെവലപ്മെന്റ് വിഭാഗം മേധാവി ഡോ. ഇ.എം. ആനന്ദന്‍ എന്നിവരാണ് മറ്റു ഗവേഷകര്‍.