എടപ്പാൾ: വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിന് നൽകുന്നത് വിലകുറഞ്ഞ അരി. എന്നാൽ ഇതിന് ഈടാക്കുന്നത് ഉയർന്ന വിലയും.

വിദ്യാലയങ്ങളിൽ വിതരണംചെയ്യുന്നത് തമിഴ്‌നാട്ടിൽനിന്നും ആന്ധ്രയിൽ നിന്നുമെല്ലാമെത്തുന്ന 26-28 രൂപ വിലവരുന്ന ഡേഷ് എന്ന പേരിലറിയപ്പെടുന്ന അരിയാണ്. മുൻവർഷങ്ങളിലും ഇത്തരത്തിലുള്ള അരി തന്നെയാണ് വിതരണംചെയ്തിട്ടുള്ളത്. എന്നാൽ കിലോക്ക് 36 രൂപ നിരക്കിലാണ് ഈ അരി സ്കൂളുകൾക്ക് നൽകുന്നത്.

കുട്ടികൾക്ക് ഓണത്തിന് സൗജന്യഅരി വിതരണത്തിന് സർക്കാർ ചെലവിടുന്നത് 47,78,65,260 രൂപ. കിലോക്ക് 36 രൂപ നിരക്കിൽ 13274.035 മെട്രിക് ടൺ അരിക്കുള്ള തുകയാണിത്. പൊതുവിപണിയിൽ ഏറ്റവും മുന്തിയ ഇനം അരിപോലും ഇതിലും കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നിരിക്കെ ഈയിനത്തിൽ സർക്കാരിന്റെത് വൻ നഷ്ടക്കച്ചവടമെന്നാരോപണം.

പുതിയ അധ്യയനവർഷത്തിൽ ഉച്ചഭക്ഷണ പദ്ധതിയിലെ കുട്ടികളുടെ കണക്കെടുപ്പ് കഴിഞ്ഞതോടെ 26,54,807 കുട്ടികളാണുള്ളത്. ഇവർക്ക് ഓണത്തിന് അഞ്ചുകിലോ വീതം അരി നൽകാനുള്ള പണമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അഭ്യർത്ഥനപ്രകാരം അനുവദിച്ചിട്ടുള്ളത്.

ആവശ്യമായ അരി പൊതുവിപണിയിൽനിന്ന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുഖേന വാങ്ങി വിതരണംചെയ്യാനാണുത്തരവ്. കേരളത്തിൽ നിലവിൽ ഏറ്റവുംകൂടിയ കുറുവ അരിക്ക് കിലോയ്ക്ക് മൊത്തവില 32 രൂപയാണ്. ഈ പണം നൽകിയാൽ ആവശ്യമുള്ളിടത്ത് സാധനം ഇറക്കിക്കൊടുക്കും. ജയയാണെങ്കിൽ 36-40-ഉം മട്ടയാണെങ്കിൽ 38-42-ഉം രൂപയാണ് വില.

ഇത് കുറഞ്ഞ അളവിലെടുക്കുമ്പോഴുള്ള വിലയാണ്. സ്കൂളാവശ്യത്തിന് 13274 മെട്രിക് ടൺ അരി ശേഖരിക്കുമ്പോൾ ഇതിനെക്കാൾ എത്രയോ കുറഞ്ഞ നിരക്കിൽ അരിയെത്തിക്കാൻ വിതരണക്കാർ തയ്യാറാകും. ഇതാണ് സാഹചര്യമെന്നിരിക്കെ കിലോക്ക് 36 രൂപ ചെലവഴിച്ച് നടത്തുന്നത് വൻ തട്ടിപ്പാണെന്ന് അധ്യാപകസംഘടനകൾ തന്നെ ആരോപിക്കുന്നു. വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിന് ലഭിക്കുന്നത് ഈ അരിയാണെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

കണക്കെടുപ്പിൽ ഈ അരിയുടെ അളവിൽ കുറവുണ്ടെങ്കിൽ പ്രഥമാധ്യാപകരിൽ നിന്ന് തിരിച്ചു പിടിക്കുന്നതും 36 രൂപ നിരക്കാണെന്നുമാത്രം. അതിനെക്കാൾ കുറച്ച് നിലവാരം കൂടിയതാണ് ഓണത്തിന് വിതരണംചെയ്യുന്ന അരിയെങ്കിലും 36 രൂപ നിരക്കിൽ അനുവദിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് രൂപയാണ്.