എടപ്പാൾ: കാണം ഭൂമിയിൽ കൈവശക്കാരന് പൂർണമായ ഉടമസ്ഥാവകാശവും ജന്മാവകാശവുമുണ്ടെന്ന് ലാൻഡ് ബോർഡ്. ഇതിന്റെ പോക്കുവരവിനും നികുതി സ്വീകരിക്കുന്നതിനും നിയമതടസ്സമില്ല.

സർക്കാരിന്റെ മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ബോർഡ് നിർദേശിച്ചു. കാണാവകാശമായി ഭൂമി കിട്ടിയവർക്ക് റവന്യൂ അധികാരികൾ പോക്കുവരവുചെയ്ത് നികുതി അടപ്പിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി.

കുടിയാന്മാർക്ക് ജന്മിമാർ നിശ്ചിത ഉത്പന്നങ്ങളുടെ പാട്ടവ്യവസ്ഥയിൽ നൽകിയ ഭൂമികളാണ് കാണംഭൂമി. ഇത് കൈവശംവെച്ച് അനുഭവിക്കാനുള്ള അധികാരം കുടിയാനുണ്ടെങ്കിലും ഉടമസ്ഥാവകാശമുണ്ടായിരുന്നില്ല. എന്നാൽ, 1976-ൽ കാണം കുടിയായ്മ നിർത്തലാക്കൽ നിയമത്തോടെ ഇത്തരം ഭൂമിയിൽ കൈവശക്കാർക്ക് പൂർണമായ അവകാശവും ജന്മാവകാശവും കൈവന്നു. ജന്മിമാർക്കുള്ള എല്ലാ അവകാശങ്ങളും അവസാനിക്കുകയും ചെയ്തു. ഇവർക്ക് ലാൻഡ് ട്രിബ്യൂണലിൽനിന്ന് ക്രയവിക്രയ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യവും ഇതോടെ ഇല്ലാതായി.

ഇക്കാര്യം സർക്കാർ വ്യക്തമാക്കിയിട്ടും ലാൻഡ് ട്രിബ്യൂണലിൽപ്പോയി പട്ടയം വാങ്ങിവരാൻ ചില വില്ലേജ് ഉദ്യോഗസ്ഥർ ഭൂവുടമകളോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ പരാതി ഉയർന്നതോടെയാണ് ലാൻഡ് ബോർഡ് ഇടപെട്ടത്.

ഇത്തരക്കാർ കാണം തുക അടയ്ക്കേണ്ടതുണ്ടെങ്കിൽകൂടിയും നികുതിയടയ്ക്കാനും പോക്കുവരവു നടത്താനും തടസ്സമില്ലെന്നും വ്യക്തമാക്കി. കാണംതുക പിന്നീട് പിരിച്ചെടുക്കുകയാണ് വേണ്ടത്. പോക്കുവരവുചെയ്ത് തണ്ടപ്പേർ പിടിച്ച് റവന്യൂരേഖകളിൽ മാറ്റംവരുത്തിയശേഷം ഇതുചെയ്താൽ മതിയെന്നും ലാൻഡ് ബോർഡ് സെക്രട്ടറി നിർദേശിച്ചു.