എടപ്പാൾ: കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ ഫെലോഷിപ്പും സ്‌കോളർഷിപ്പും തോൽപ്പാവക്കൂത്ത് കലാകാരൻ രാജീവ് പുലവർക്ക്. തോൽപ്പാവക്കൂത്തും നിളാനദിയുമെന്ന വിഷയത്തിലാണ് ഫെലോഷിപ്പ്. കവളപ്പാറ പാവക്കൂത്ത് സംഘത്തലവൻ രാമചന്ദ്രപ്പുലവരുടെയും രാജലക്ഷ്മിയുടെയും മകനാണ് രാജീവ്.

മഹാബലിചരിതം, ചണ്ഡാലഭിക്ഷുകി, ബോധവത്കരണ പാവനാടകം തുടങ്ങി നിരവധി കഥകൾ പാവക്കൂത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. 2017-ൽ കേന്ദ്ര സംഗീതനാടക അക്കാദമി ഉസ്താദ് ബിസ്‌മില്ല ഖാൻ യുവ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രാമചന്ദ്രപ്പുലവരുടെ ശിഷ്യനും പാവക്കൂത്ത് കലാകാരനും സോമസുന്ദരപ്പുലവരുടെ മകനുമായ ലക്ഷ്മണിന് ജൂനിയർ ഫെലോഷിപ്പും ലഭിച്ചു. പത്തുവർഷമായി രംഗത്തുള്ള ഇദ്ദേഹം പാവക്കൂത്തിൽ കൂടുതൽ പഠനത്തിനുവേണ്ടിയാണ് രണ്ടുവർഷത്തേക്കുള്ള ഫെലോഷിപ്പ് നേടിയത്.