എടപ്പാള്‍: സര്‍ക്കാര്‍ സംഭരണം പുനരാരംഭിക്കാത്തതു മൂലം പൊതുവിപണിയില്‍ നാളികേരവില കുത്തനെ താഴുന്നു. ഒരുമാസംകൊണ്ട് പച്ചത്തേങ്ങയുടെ വില താഴ്ന്നത് കിലോയ്ക്ക് നാലുരൂപ.തിരഞ്ഞെടുത്ത കൃഷിഭവനുകള്‍ നടത്തിയിരുന്ന സംഭരണം ഡെപ്യൂട്ടേഷനില്‍ നിയമിച്ച ജീവനക്കാരെയെല്ലാം തിരിച്ചയച്ചതോടെയാണ് നിലച്ചത്. ജൂണ്‍ മാസത്തോടെ സംഭരണം പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ജൂലായ് ആയിട്ടും തുടങ്ങിയിട്ടില്ല.
കഴിഞ്ഞമാസം വരെ കിലോയ്ക്ക് 31 രൂപയായിരുന്നു വില. സംഭരണം നിലച്ച് ഒരുമാസം ഇതേവില നിലനിന്നെങ്കിലും ഇപ്പോള്‍ 27 രൂപയിലേക്ക് താഴ്ന്നു. തമിഴ്നാട്ടില്‍ നാളികേര സീസണ്‍ ആരംഭിക്കുകകൂടി ചെയ്തതോടെ വില ഇനിയും താഴുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തമിഴ്നാട്ടിലെ കാങ്കയം, വെള്ളക്കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വെളിച്ചെണ്ണയുടെ വരവും വര്‍ധിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ കിലോയ്ക്ക് 140 രൂപയാണ് വില. കഴിഞ്ഞമാസം 160 രൂപ വരെയായിരുന്നു. തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ 123 രൂപ മാത്രമാണ് വില. കൊപ്രയുടെ വില 90-ല്‍ നിന്ന് 84 രൂപയിലെത്തി.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
എടപ്പാള്‍: പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണെന്ന് കേരഫെഡ് ജനറല്‍മാനേജര്‍ ബാബു അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുനിന്ന് വ്യത്യസ്തമായി ഇത്തവണ കൃഷിഭവനുകളെമാത്രം ആശ്രയിക്കാതെ പ്രാഥമിക സഹകരണസംഘങ്ങളെക്കൂടി സംഭരണത്തിലുള്‍പ്പെടുത്താനാണ് തീരുമാനം. കൃഷിഭവനുകളിലൂടെ സംഭരിക്കുന്ന നാളികേരം കൊപ്രയും വെളിച്ചെണ്ണയുമൊക്കെയാക്കി മാര്‍ക്കറ്റിലെത്തിക്കാന്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ടിരുന്നു. ഇതൊഴിവാക്കാനാണ് ഇത്തരം സംവിധാനങ്ങളുള്ള സഹകരണസംഘങ്ങളെ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.