കൊച്ചി: സ്വർണക്കടത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത കള്ളപ്പണക്കേസിൽ മൊഴികൾ മാത്രമേയുള്ളൂവെന്നും പ്രതികളുടെ പങ്കാളിത്തം തെളിയിക്കുന്ന രേഖകളൊന്നുമില്ലേയെന്നും കോടതി. കേസിലെ പ്രധാന പ്രതികളായ പി.എസ്. സരിത്തിനും സന്ദീപ് നായർക്കും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഇ.ഡി.ക്കെതിരേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശം.

പ്രതികൾ കേരളത്തിലേക്ക് 30 കിലോഗ്രാം സ്വർണം കടത്തിയെന്ന ആരോപണം ശരിയോ തെറ്റോ ആയിരിക്കാം. പക്ഷേ, ആ സ്വർണം പ്രതികളുടെ കൈകളിലേക്കെത്തുംമുമ്പ് കസ്റ്റംസ് പ്രിവന്റീവ് കണ്ടെടുത്തു. അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലിരിക്കുമ്പോൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ.) മൊഴി നൽകിയിട്ടുണ്ടാകാം.

പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് 20 തവണ സ്വർണം കടത്തിയെന്നും ഇരുപത്തിയൊന്നാം തവണയാണ്‌ പിടികൂടിയതെന്നും അന്വേഷണ ഏജൻസി പറയുന്നത്. ഈ മൊഴികളല്ലാതെ കേസിൽ ഈ നിമിഷംവരെ കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്കാളിത്തം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

Content Highlights: ED Case on black money