കൊച്ചി: മോൻസനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്തു. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് സംശയിച്ചാണിത്. കൂടുതൽ വിവരങ്ങൾ സംസ്ഥാന പോലീസിനോട് ഇ.ഡി. ആരാഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം മോൻസൺ കേസിൽ ഇ.ഡി.യെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

മോൻസന്റെ മുൻ ഡ്രൈവർ ഇ.വി. അജിത്ത് ഉൾപ്പെടെ ഇ.ഡി. കേസിൽ പ്രതിയാണ്. മോൻസൺ ചില ഉന്നതരുടെ ബിനാമിയാണെന്നും സംശയിക്കുന്നു. ചിലരുടെ അനധികൃത സമ്പാദ്യം മോൻസൺ വഴി വിദേശത്തേക്ക് കടത്തിയിട്ടുണ്ടോയെന്നും സംശയമുണ്ട്.

മോൻസന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്റ 2020 ഫെബ്രുവരി അഞ്ചിന് ഇ.ഡി.ക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് കേസിൽ ഇ.ഡി.യെ കക്ഷിചേർക്കാൻ കോടതി നിർദേശിച്ചത്.

ഒത്തുതീർപ്പിന് കെ. സുധാകരന്റെ സഹായി സമീപിച്ചതായി പരാതിക്കാരൻ

കൊച്ചി: പുരാവസ്തുതട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരായ പരാതിയിൽ ഒത്തുതീർപ്പിന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ സഹായി സമീപിച്ചതായി പരാതിക്കാരൻ.

യൂത്ത് കോൺഗ്രസ് നേതാവും സുധാകരന്റെ സഹായിയുമായ എബിൻ എബ്രഹാമാണ് പരാതിക്കാരുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. മോൻസന് 25 ലക്ഷം രൂപ കൈമാറിയതിന് സുധാകരൻ സാക്ഷിയാണെന്ന ആരോപണം നിലനിൽക്കെയാണിത്.

കേസുമായി ബന്ധപ്പെട്ട് ഒട്ടേറെത്തവണ എബിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇയാൾ ആവശ്യപ്പെട്ട പ്രകാരമാണ് സംസാരിച്ചതെന്നും പരാതിക്കാരനായ ഷെമീർ പറഞ്ഞു. വ്യാജചികിത്സ സംബന്ധിച്ച് പരാതി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും കേസിൽ സുധാകരനെ വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു ആവശ്യം. പരാതിക്കാരായ കോഴിക്കോട് സ്വദേശി ഷെമീർ, യാക്കൂബ് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.

സുധാകരനെ മോൻസന് പരിചയപ്പെടുത്തിയത് എബിനായിരുന്നു. പരാതിക്കാരെ നേരത്തേ പരിചയമുണ്ടെന്നും യാദൃച്ഛികമായി കണ്ടപ്പോൾ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും എബിൻ എബ്രഹാം പറഞ്ഞു. എന്തിനാണ് ഒത്തുതീർപ്പ് നടത്തേണ്ടതെന്ന് മനസ്സിലാകുന്നില്ലെന്നും സുധാകരനെതിരേ ഒരു ആരോപണവും നിലവിലില്ലെന്നും എബിൻ പറഞ്ഞു.