: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവായി. ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനുമാണ് സംവരണം. പിന്നാക്ക വിഭാഗത്തിന് സംവരണം അനുവദിക്കുന്ന സ്ഥാപനങ്ങളിലാണ് സംവരണം ബാധകം.

സംവരണതസ്തിക നികത്തപ്പെടാത്തതിന്റെ റിപ്പോർട്ട്, വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പൊതുഭരണവകുപ്പിന് നൽകണം. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു നിയമവകുപ്പ് മുൻ സെക്രട്ടറി കെ. ശശിധരൻനായർ ചെയർമാനും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ അംഗവുമായ കമ്മിഷന്റെ ശുപാർശപ്രകാരമാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.

മാനദണ്ഡങ്ങൾ ഇങ്ങനെ

* നാലുലക്ഷം രൂപയിൽതാഴെ വാർഷിക കുടുംബവരുമാനമുള്ളവർ സംവരണത്തിന് അർഹർ

* നഗരസഭ-കോർപ്പറേഷൻ മേഖലയിലെ ഭൂസ്വത്തിൽനിന്നുള്ള കാർഷികവരുമാനം കുടുംബ വാർഷികവരുമാനത്തിന്റെ ഭാഗമല്ല

* സാമൂഹികസുരക്ഷാ പെൻഷൻ, കുടുംബ പെൻഷൻ, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യം, യാത്രാബത്ത, തൊഴിലില്ലായ്മവേതനം എന്നിവയും കുടുംബവരുമാനമായി പരിഗണിക്കില്ല

* അപേക്ഷകന്റെ കുടുംബസ്വത്ത് ഗ്രാമപ്പഞ്ചായത്തിലാണെങ്കിൽ രണ്ടരയേക്കറിൽ കവിയരുത്. നഗരസഭാ മേഖലയിലാമെങ്കിൽ 75 സെന്റിലും കോർപ്പറേഷനിലാണെങ്കിൽ 50 സെന്റിലും കവിയാൻ പാടില്ല

* മൂന്നിടത്തുമായി ഭൂമിയുണ്ടെങ്കിൽ മൊത്തം വിസ്തീർണം രണ്ടരയേക്കറിൽ അധികമാകരുത്.

* രാജ്യത്തെവിടെയുള്ള ഭൂമിയും കണക്കിൽപ്പെടും

* അന്ത്യോദയ, അന്നയോജന, റേഷൻ കാർഡിലെ മുൻഗണനാവിഭാഗം അംഗങ്ങൾ എന്നിവർ മറ്റു മാനദണ്ഡങ്ങൾ ബാധകമല്ലാതെ സംവരണത്തിന് അർഹരാകും

വേണ്ട സർട്ടിഫിക്കറ്റുകൾ

* റേഷൻകാർഡിൽ പേരുണ്ടെന്ന് നിശ്ചിതഫോറത്തിൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം

* വരുമാനം കണക്കാക്കുക അപേക്ഷ നൽകുന്നതിന് തൊട്ടുമുമ്പത്തെ സാമ്പത്തികവർഷം

* വരുമാനസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം വില്ലേജ് ഓഫീസർക്ക്

* തഹസിൽദാർക്കും അതിനുമുകളിൽ ആർ.ഡി.ഒ.യ്ക്കുമാണ് അപ്പീൽ അധികാരം

പരാതികൾ പരിഹരിക്കാൻ

* പരാതികൾ പരിഹരിക്കാൻ എല്ലാവകുപ്പിലും ഡയറക്ടറേറ്റിലും പ്രത്യേകസംവിധാനം

* മേൽനോട്ടത്തിനായി പൊതുഭരണ (ഏകോപന) വകുപ്പിൽ നിരീക്ഷണസമിതി

* തെറ്റായ വിവരംനൽകി സർവീസിൽ പ്രവേശിക്കുന്നവരെ പുറത്താക്കും. നിയമനടപടികളും സ്വീകരിക്കും

content highlights: economic reservation