കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക കാലാവസ്ഥ മനസ്സിലാക്കി പരിഹാരമുണ്ടാക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിനു കഴിയുന്നില്ലെന്ന്‌ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പി.യുമായ സുബ്രഹ്മണ്യൻ സ്വാമി.

ഉപഭോഗം കുറഞ്ഞതാണ് മാന്ദ്യത്തിനു കാരണം. എന്നാൽ, അത്‌ വർധിപ്പിക്കാനുള്ള നടപടികളല്ല കേന്ദ്രം കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു. സംരംഭകരുടെ കൂട്ടായ്മയായ ‘ടൈ കേരള’യുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

ഉപഭോഗം വർധിപ്പിക്കുന്നതിനു പകരം ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ പ്രഖ്യാപിക്കുന്നത്. കോർപ്പറേറ്റുകൾക്കുള്ള നികുതി കുറച്ചത് ഇതിനുദാഹരണമാണ്. വിദേശകമ്പനികൾപോലും ഇതിന്റെ പ്രയോജനം പറ്റുകയാണ്. മാന്ദ്യം പരിഹരിക്കുന്നതിനുപകരം സ്വന്തം കടബാധ്യതകൾ തീർക്കാനാണ് അവർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്.

‘ഭരണപക്ഷത്തുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻ’ എന്നനിലയിൽ മാന്ദ്യം നേരിടാനുള്ള ഉപദേശം സർക്കാരിനു നൽകിയില്ലേയെന്ന ചോദ്യത്തിന്, താൻ എന്തിനു നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘ദാഹിച്ചു വലഞ്ഞുനിൽക്കുന്ന ഒരു കഴുതയ്ക്ക് വെള്ളം കാണിച്ചുകൊടുക്കാൻ മാത്രമേ തനിക്കു സാധിക്കൂ, അതിനെക്കൊണ്ട് വെള്ളം കുടിപ്പിക്കാൻ പറ്റില്ലല്ലോ’’ -അദ്ദേഹം ചോദിച്ചു.

ഉപഭോഗം വർധിപ്പിക്കണമെങ്കിൽ വ്യക്തിഗത ആദായനികുതി എടുത്തുകളയണമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബസമ്പാദ്യവും വർധിപ്പിക്കണം. ഇതിനായി അഞ്ചുവർഷത്തിനു മുകളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഒമ്പതു ശതമാനമായി ഉയർത്തുകയും വായ്പാ പലിശ ഒമ്പതു ശതമാനത്തിൽ നിജപ്പെടുത്തുകയും വേണം.

മാന്ദ്യം നേരിടാൻ ഇനിയും കാര്യക്ഷമമായ നടപടി കൈക്കൊണ്ടില്ലെങ്കിൽ കടുത്ത പ്രതിസന്ധിയുണ്ടാകും. പല ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും പതനത്തിനുപോലും അതു വഴിവെക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി മുന്നറിയിപ്പുനൽകി.