പാലാരിവട്ടം മേൽപ്പാലം പുനർനിർമിക്കാമെന്ന് മുഖ്യമന്ത്രിക്കു വാക്കുകൊടുത്തുപോയി. ഇനി പിൻമാറാൻ കുറച്ചുമടിയുണ്ട്. വീണ്ടും നീണ്ടുപോയാൽ അപ്പോൾ ആലോചിക്കാമെന്നാണു തീരുമാനം. ഡി.എം.ആർ.സി.ക്ക് ഒരു സൽപ്പേരുണ്ടല്ലോ. അതുകളയാൻവയ്യ. ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ട് പിന്നീട് പിൻമാറുന്നത് എങ്ങനെയാണ്.
പാലാരിവട്ടംപാലം നിർമാണം നീണ്ടുപോയാൽ ജനങ്ങളുടെ കാര്യം കഷ്ടത്തിലാകും. മേൽപ്പാലത്തിന്റെ പുനർനിർമാണം തുടങ്ങിയാൽത്തന്നെ ആ മേഖലയിൽ ഗതാഗതക്രമീകരണം വേണ്ടിവരും.
പുനർനിർമണം ഇപ്പോൾ തുടങ്ങിയാൽ ഓഗസ്‌റ്റോടെ തീർക്കാനാകും. ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ പകുതിയിലധികം ജോലികൾ ഇപ്പോൾ പൂർത്തിയായേനെ. ലോഡ് ടെസ്റ്റ് നടത്തണമെന്നാണ് ഹൈക്കോടതി നിർദേശം. അതിനെതിരേയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയുടെ അന്തിമ ഉത്തരവ് കാത്തിരിക്കുകയാണ്.
ജൂണിൽ ഞാൻ ചുമതലകളൊഴിഞ്ഞാലും ഡി.എം.ആർ.സി.യുടെ ഡൽഹി യൂണിറ്റിന് മേൽനോട്ടംവഹിക്കാം. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കേണ്ടിവരും. ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ എനിക്കുകഴിയും.
എട്ടുവർഷം, നിരാശയേറെ
കേരളത്തിനായി മെട്രോയെന്ന ആവശ്യവുമായി 2008 മുതൽ മുന്നിലുണ്ട്. പുതിയ ചുമതലകളും പ്രതീക്ഷകളുമായി 2012-ലാണ് കേരളത്തിലെത്തുന്നത്. ഇപ്പോൾ എട്ടുകൊല്ലം കഴിഞ്ഞു. കൊച്ചി മെട്രോയൊഴികെ ബാക്കിയൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ല. അതിൽ സങ്കടമുണ്ട്.
കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ, ഹൈസ്പീഡ് റെയിൽവേ പദ്ധതി എല്ലാം ഞങ്ങൾ ഏറ്റെടുത്തതാണ്. ഒന്നും നടപ്പാക്കാനായില്ല. സ്ഥലമെടുപ്പിലെ കാലതാമസംമൂലം കൊച്ചി മെട്രോ പൂർത്തിയാകാൻ കൂടുതൽ സമയമെടുത്തു. അതും സങ്കടംതന്നെ.
കൊച്ചി ഓഫീസ് ഒക്ടോബർ വരെ
ഡി.എം.ആർ.സി.യുടെ കൊച്ചിയിലെ ഓഫീസ് ഒക്ടോബറോടെ പൂർണമായും അടയ്ക്കും. ജീവനക്കാരിൽ കുറച്ചുപേർ ജനുവരിയോടെ പോയി. കുറച്ചുപേർ മാർച്ചിലും ശേഷിക്കുന്നവർ ജൂണിലും പോകും. bbജമ്മുവിലുണ്ട് ചില ചുമതലകൾ
bbശ്രീനഗറിലെയും ജമ്മുവിലെയും ലൈറ്റ് മെട്രോ പദ്ധതികളിലും ദാൽ തടാകത്തിന്റെ പുനരുദ്ധാരണത്തിലുമാണ് ഇപ്പോൾ സജീവമായുള്ളത്. നടപ്പായാൽ രാജ്യത്തെ ആദ്യ ലൈറ്റ് മെട്രോകളാകും അവ. അതുകൊണ്ടാണ് അവയുമായി സഹകരിക്കുന്നത്. ലൈറ്റ് മെട്രോ ആദ്യം നടപ്പാകേണ്ടിയിരുന്നത് തിരുവനന്തപുരത്താണ്. അത് സർക്കാർ വേണ്ടെന്നുവെച്ചതല്ലേ. പദ്ധതിയുമായി മുന്നോട്ടുപോയിരുന്നെങ്കിൽ ഈ സമയംകൊണ്ട് കേരളത്തിൽ ലൈറ്റ് മെട്രോ സർവീസ് തുടങ്ങാമായിരുന്നു.
വിശ്രമജീവിതം നാട്ടിൽ
വിരമിച്ചശേഷം പൊന്നാനിയിലെ വീട്ടിൽത്തന്നെയുണ്ടാകും. ഭാരതപ്പുഴ പുനരുജ്ജീവനം ലക്ഷ്യമിട്ട രീതിയിൽ നടപ്പാക്കണമെന്നുണ്ട്. മാലിന്യക്കൂമ്പാരമായി പുഴ മാറാതിരിക്കാനാണു ജാഗ്രത. മുനിസിപ്പാലിറ്റി, പഞ്ചായത്ത് മേഖലകളിൽനിന്ന് മാലിന്യമെത്തുന്നത് പുഴയിലേക്കാണ്. അതുതടയാൻ കളക്ടർമാർക്കും തദ്ദേശസ്ഥാപനങ്ങൾക്കുമെല്ലാം കത്തുനൽകിയിട്ടുണ്ട്.
മൂല്യബോധമുള്ള ഒരു തലമുറയ്ക്കായി നടപ്പാക്കുന്ന ഫൗണ്ടേഷൻ ഫോർ റീസ്‌റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് (എഫ്.ആർ.എൻ.വി.) പദ്ധതിയുടെ ദേശീയ പ്രസിഡന്റാണ്. അതിന്റെ പ്രവർത്തനങ്ങൾക്ക് ഇടയ്ക്ക് ഡൽഹിയിലേക്കു യാത്രയുണ്ട്. മറ്റൊരാളെ ചുമതലയേൽപ്പിച്ച് ആ സ്ഥാനത്തുനിന്ന് ഒഴിവാകണമെന്നുണ്ട്. എങ്കിലും പെട്ടെന്ന് ഒഴിയാനാകില്ല. ഗുരുവായൂർ അഷ്ടപദിയാട്ടം ട്രസ്റ്റിന്റെ ട്രസ്റ്റിയാണ്. ഇതെല്ലാം വിശ്രമജീവിതത്തിന്റെ ഭാഗമായും തത്കാലം തുടരേണ്ടിവരും.