തിരുവനന്തപുരം/ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോളിങ് ഉയർത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളത്തിൽ പ്രചാരണത്തിനായി ചെലവഴിക്കുക രണ്ടരക്കോടി രൂപ. തിരഞ്ഞെടുപ്പിന്റെ ഐക്കണായി മെട്രോമാൻ ഇ. ശ്രീധരനെയും ഗായിക കെ.എസ്. ചിത്രയെയും തീരുമാനിച്ചു. ഇവരെ ഉപയോഗിച്ച് പത്ര, ദൃശ്യമാധ്യമങ്ങളിലും തിയേറ്റുകളിലും പ്രചാരണപരിപാടികൾ തുടർച്ചയായി നടത്തും.

14 ജില്ലകളിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും. ഒരു ജില്ലയ്ക്ക് 10 ലക്ഷംവീതംനൽകും. സംസ്ഥാനതല പരിപാടികൾക്ക് 1.10 കോടിരൂപയും വകയിരുത്തി. കെ.എസ്. ചിത്ര പാടിയ തിരഞ്ഞെടുപ്പ് തീം സോങ്ങും വരുംദിവസങ്ങളിൽ കേൾക്കാം. പരമാവധി പ്രവാസികളെ വോട്ടുരേഖപ്പെടുത്തിക്കാൻ വിമാനത്താവളങ്ങളിൽ പരസ്യം നൽകുന്നതിനൊപ്പം പ്രവാസികളുമായി ഫോൺവഴി ബന്ധപ്പെടുകയും ചെയ്യും.

സ്കൂളുകളിൽ പ്രവാസിവോട്ടുകളുടെ രജിസ്‌ട്രേഷനായി പ്രത്യേക ക്യാമ്പുകൾ തുടങ്ങും. പുതിയ വോട്ടർമാരെ കണ്ടെത്താനായി ‘ഡെമോക്രസി വാനുകൾ’ പി.ആർ.ഡി. നിരത്തിലിറക്കും. കാന്പസുകളിലെ പ്രചാരണത്തിന് അംബാസഡർമാരെ നിയോഗിക്കും. അവർ കോളേജുകളിൽ തുടർച്ചയായി പരിപാടികൾ സംഘടിപ്പിക്കും. വോട്ടിങ് യന്ത്രം പരിചയപ്പെടുത്താൻ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കും.

പ്ലസ്ടു-കോളേജ് തലത്തിലുള്ള കുട്ടികൾക്കായി ഹ്രസ്വചിത്രമത്സരം നടത്തും. ഇതിൽ വിജയിക്കുന്നവരുടെ ചിത്രങ്ങൾ തിയേറ്ററുകളിലും മാളുകളിലും പ്രദർശിപ്പിക്കും. പോസ്റ്റർരചനാ മത്സരവും ഗ്രാമങ്ങളിലും നഗരങ്ങളിലും കൂട്ടയോട്ടവും ഉണ്ടാവും. ‘വോട്ട് ചെയ്യാൻ തയ്യാറെടുക്കൂ, വോട്ടെറെന്ന നിലയിൽ അഭിമാനിക്കൂ’ എന്ന മുദ്രാവാക്യത്തോടെയാകും കൂട്ടയോട്ടം.

Content Highlights: e sreedharan and ks chithra selected as election icons in kerala