ന്യൂഡല്‍ഹി: തുടര്‍ച്ചയായി കാല്‍നൂറ്റാണ്ട് പാര്‍ലമെന്റംഗമായും പത്തുവര്‍ഷം കേന്ദ്രമന്ത്രിയായും ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഇ. അഹമ്മദിന് വിട. ബുധനാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയില്‍ അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദി?ന്റെ മൃതദേഹം രാത്രിയോടെ ജന്മദേശമായ കണ്ണൂരിലെത്തിച്ചു. വ്യാഴാഴ്ച 11മണിയോടെ കബറടക്കും.
ചൊവ്വാഴ്ച പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അര്‍ധരാത്രിമുതല്‍ ആസ്​പത്രി സാക്ഷ്യംവഹിച്ച നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലിന് മരണം സ്ഥിരീകരിച്ചു.

മൃതദേഹം ഡല്‍ഹിയിലെ ഒമ്പതാം നമ്പര്‍ തീന്‍മൂര്‍ത്തി മാര്‍ഗിലെ ഔദ്യോഗികവസതിയില്‍ പൊതുദര്‍ശനത്തിനുവെച്ചു. വൈകീട്ട് അഞ്ചേകാലോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിച്ച മൃതദേഹം കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാത്രിയോടെ കോഴിക്കോട്ടെത്തിച്ച് പൊതുദര്‍ശനത്തിനുശേഷം ജന്മദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച രാവിലെ എട്ടരമുതല്‍ 10 മണിവരെ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. പത്തരമുതല്‍ അല്പസമയം ദീനുല്‍ ഇസ്ലാംസഭാ സ്‌കൂള്‍ അങ്കണത്തിലും പൊതുദര്‍ശനത്തിനുവെച്ച ശേഷം 11 മണിയോടെ കബറടക്കും.

മരണവിവരം മറച്ചുവെച്ചും മക്കളെപ്പോലും അവഗണിച്ചും ഇ. അഹമ്മദിന്റെ മൃതദേഹത്തോട് കേന്ദ്രസര്‍ക്കാര്‍ അനാദരം കാണിച്ചെന്നാരോപിച്ച് കേരളത്തില്‍നിന്നുള്ള എം.പി.മാര്‍ ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു.
വെന്റിലേറ്ററില്‍ കഴിയുന്ന അഹമ്മദിനെ കാണാന്‍ മക്കളായ നസീര്‍ അഹമ്മദ്, റയീസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍സാദ് എന്നിവര്‍ ചൊവ്വാഴ്ച രാത്രി ആസ്​പത്രിയിലെത്തിയെങ്കിലും അധികൃതര്‍ അനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കേരള എം.പി.മാരും സ്ഥലത്തെത്തി. ഒടുവില്‍ രാത്രി രണ്ടേകാലോടെ ആസ്​പത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു.
മൃതദേഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭാ സ്​പീക്കര്‍ സുമിത്ര മഹാജന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, ജിതേന്ദ്ര സിങ്, അനന്ത്കുമാര്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എ.കെ. ആന്റണി, രമേശ് ചെന്നിത്തല, കേരളത്തില്‍നിന്നുള്ള എം.പി.മാര്‍, വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വസതിക്കടുത്ത് നടന്ന മയ്യത്ത് നമസ്‌കാരത്തിന് മകന്‍ റയീസ് നേതൃത്വംനല്‍കി.

കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍

ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താല്‍ നടത്താന്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്തു. രാവിലെ ആറ്ു മുതല്‍ വൈകീട്ട് ആറ്ു വരെയാണ് ഹര്‍ത്താല്‍.