തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈ.എസ്.പി. ഹരികുമാർ ഒളിവിൽക്കഴിയുന്ന സ്ഥലം കണ്ടെത്തിയതായി സൂചന. മൂന്നാറിനടുത്ത്‌ കേരള-തമിഴ്നാട് അതിർത്തിക്കു സമീപം ഇയാൾ ഉള്ളതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണോദ്യോഗസ്ഥനായ എസ്.പി. കെ.എം.ആന്റണി സ്ഥലത്തെത്തിയതായും സൂചനയുണ്ട്. ഇയാളുടെ ബന്ധുക്കളുടെയും സഹായി ബിനുവിന്റെ ബന്ധുക്കളുടെയും മൊബൈൽ ഫോൺ നിരീക്ഷണത്തിലൂടെയാണ് അന്വേഷണസംഘത്തിന് ഇവർ ഒളിവിൽക്കഴിയുന്ന സ്ഥലം സംബന്ധിച്ച സൂചന ലഭിച്ചത്. അതേസമയം, ഇയാൾ അവിടെനിന്നു രക്ഷപ്പെട്ട് കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ശനിയാഴ്ച ഹരികുമാർ കീഴടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുെന്നങ്കിലും അതുണ്ടായില്ല.

കേസിലെ പ്രതി ഹരികുമാറിന്റെ സഹോദരൻ മാധവൻ നായർ, ബിനുവിന്റെ മകൻ, ഇവരുടെ ബന്ധുക്കൾ എന്നിവരിൽനിന്നു അന്വേഷണസംഘം ശനിയാഴ്ച മൊഴിയെടുത്തു. ലോക്കൽ പോലീസ് അന്വേഷിച്ച സമയത്ത് ദൃക്‌സാക്ഷികളായി ഉൾപ്പെടുത്താത്തവരിൽനിന്നു മൊഴിയെടുത്തിട്ടുണ്ട്. സംഭവം നടന്ന കൊടങ്ങാവിളയിലും ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ച വീണ്ടും തെളിവെടുപ്പു നടത്തി. ഇതിനിടെ, ഹരികുമാറിന് പോലീസ് സേനയ്ക്കുള്ളിൽനിന്നുതന്നെ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റെ മേൽനോട്ടം ഏൽപ്പിച്ചേക്കും.

അന്വേഷണം കാര്യക്ഷമമല്ലെന്നു കാട്ടി മരിച്ച സനൽകുമാറിന്റെ ബന്ധുക്കളും കർമസമിതിയും കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. മരിച്ചയാളിന്റെ ഭാര്യക്ക് ജോലിയും ബന്ധുക്കൾക്കു നഷ്ടപരിഹാരവും നൽകണമെന്ന ആവശ്യത്തിന് അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുത്തില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരമാരംഭിക്കാനും കർമസമിതി ആലോചിക്കുന്നുണ്ട്.

ഏതാനും ദിവസം മുൻപ്‌ നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിലായിരുന്നു സംഭവം നടന്നത്. റോഡിലെ തർക്കത്തിനിടെ ഡിവൈ.എസ്.പി. ഹരികുമാർ റോഡിലേക്കു തള്ളിയ സനൽകുമാർ കാറിടിച്ചു മരിക്കുകയായിരുന്നു. തുടർന്നാണ് ഹരികുമാറും സുഹൃത്ത് ബിനുവും ഒളിവിൽ പോയത്.

സനൽകുമാറിന്റെ ഭാര്യക്ക്‌ ജോലി നൽകണമെന്ന്

പോലീസ് മേധാവി ശുപാർശ നൽകും

മരിച്ച സനൽകുമാറിന്റെ ഭാര്യക്ക്‌ ജോലി നൽകണമെന്നും സസ്പെൻഷനിലുള്ള ഡിവൈ.എസ്.പി. ഹരികുമാറിനെ പിരിച്ചുവിടണമെന്നും സംസ്ഥാന പോലീസ് മേധാവി സർക്കാരിനു ശുപാർശ നൽകും. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ശുപാർശ ഇതുവരെ സർക്കാരിനു സമർപ്പിച്ചിട്ടില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.