ചെങ്ങന്നൂർ: വർഷം 1985. വെള്ളറട ഈശ്വരവിലാസം മെമ്മോറിയൽ സ്കൂളിൽ പത്താംതരം ഫലംവന്നു. 60 പേരടങ്ങുന്ന ക്ലാസിൽ ഒരാളൊഴികെ എല്ലാവരും ജയിച്ചു. നാട്ടിലെ ചെറുകിട കരാർപ്പണിചെയ്യുന്ന രാജയ്യന്റെ മകൻ ജോസാണ് തോറ്റത്. അതോടെ നാട്ടുകാരുടെ ഇടയിൽ പത്തിൽ തോറ്റ ജോസായി. നാണക്കേടുകൊണ്ട് പഠിപ്പുനിർത്തി എന്തെങ്കിലും തൊഴിൽചെയ്ത് വരുമാനം കണ്ടെത്താനുറച്ചു. കുടുംബസുഹൃത്തായ ഒരാളുടെ നിർബന്ധംകൊണ്ട് പാരലൽ കോളേജിൽ ചേർന്നു.

ചില്ലറ കൂലിപ്പണിയും പഠനവുമൊക്കെയായി കഷ്ടിച്ച് പത്ത്‌ കടന്നുകൂടി. അത് അവന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇംഗ്ലീഷിൽ പേരുപോലും എഴുതാനറിയാത്ത ജോസ് പിന്നീട് വാശിയോടെ പഠിച്ചു. ഒന്നാം റാങ്കോടെ പൊളിറ്റിക്സിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. എസ്.ഐ. ആയി പോലീസിൽ ചേർന്ന് ഇപ്പോൾ ചെങ്ങന്നൂർ ഡിവൈ.എസ്.പി.യുമായി. ഇപ്പോഴിതാ ഡോക്ടറേറ്റും നേടിയിരിക്കുന്നു.

ധനുവെച്ചപുരം വി.ടി.എം. എൻ.എസ്.എസ്. കോളേജിൽനിന്നു ബിരുദവും കാര്യവട്ടം കാമ്പസിൽനിന്നു ബിരുദാനന്തരബിരുദവും നേടിയിട്ടും പഠിപ്പുനിർത്തിയില്ല. ലൈബ്രറി സയൻസിൽ ബിരുദവും എം.ഫിലും നേടി. ഗ്രാമവികസനവകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് കേരള സർവകലാശാലയിൽ ലൈബ്രേറിയനായി. 2003-ൽ നാദാപുരം എസ്.ഐ. ആയാണ് ജോലിയിൽ പ്രവേശിച്ചത്. ഇതിനിടെ സർക്കാർ കോളേജിൽ അധ്യാപകനായി ജോലി ലഭിച്ചെങ്കിലും കാക്കിയോടുള്ള പ്രണയംകൊണ്ട് വേണ്ടെന്നുവെച്ചു.

ഇതിനിടെ കേരള സർവകലാശാലയിൽ ഗവേഷകവിദ്യാർഥിയായി ചേർന്നു. പോലീസിന്റെ തിരക്കുപിടിച്ച ജോലിക്കിടയിലും ആറുവർഷംകൊണ്ട് ഡോക്ടറേറ്റ് നേടി. ജനമൈത്രി പോലീസ് പദ്ധതിയെക്കുറിച്ച് കേരള സർവകലാശാലാ അസോസിയേറ്റ് പ്രൊഫസർ സി.എ. ജോസ്‌കുട്ടിയുടെ കീഴിലായിരുന്നു ഗവേഷണം.

പഠനത്തിനിടെ തൊഴിലിലും പിന്നാക്കംപോയില്ല. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക അംഗീകാരം, 150-ൽപ്പരം ഗുഡ് സർവീസ് എൻട്രി എന്നിവ നേടി.

ഇംഗ്ലീഷ് അക്ഷരമാലപോലും അറിയാത്ത പത്താംക്ലാസുകാരനിൽനിന്ന് ഇന്ത്യയിലെ മികച്ച അക്കാദമിക് ജേണലുകളിലെ ലേഖനങ്ങൾ എഴുതുന്നയാളായി മാറാൻ മൂന്നരപ്പതിറ്റാണ്ടുകാലത്തെ കഠിനാധ്വാനം തന്നെയായിരുന്നു മുതൽക്കൂട്ട്. കോന്നി ഗവ. എച്ച്.എസ്.എസ്. അധ്യാപിക ഷൈനിയാണ് ഭാര്യ. എം.ബി.ബി.എസ്. വിദ്യാർഥിനി അനഘ, പത്തിൽ പഠിക്കുന്ന മീനാക്ഷി എന്നിവർ മക്കളാണ്.