തിരുവനന്തപുരം: ഭക്ഷണത്തോടൊപ്പം നാലാമതും സവാള ചോദിച്ചിട്ട് കൊടുക്കാത്തതിന് ബീഹാർ സ്വദേശിയായ ഹോട്ടൽ ജീവനക്കാരന്റെ തല ചീനച്ചട്ടികൊണ്ട് അടിച്ചുപൊട്ടിച്ചും കട തകർത്തും ഡി.വൈ.എഫ്.ഐ. നേതാക്കൾ. ക്രിസ്‌മസ് ദിവസം രാത്രി എട്ടുമണിയോടെ കൈതമുക്ക് എസ്.ബി.ഐ. ബാങ്കിനു സമീപമുള്ള ഹോട്ടലിലാണ് ഡി.വൈ.എഫ്.ഐ. നേതാക്കൾ അതിക്രമം നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ ഉൾപ്പെടെ പോലീസിനു വ്യക്തമായ തെളിവു ലഭിച്ചിട്ടും പ്രതികളെ പിടികൂടാൻ വഞ്ചിയൂർ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.

കൈതമുക്കിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ രണ്ടുപേർ ഹോട്ടലിൽ ആദ്യം ഭക്ഷണം കഴിക്കാനെത്തി. ഇവർ അപ്പവും കറിയും ആവശ്യപ്പെട്ടു. തുടർന്ന് മൂന്നുപ്രാവശ്യം സവാള ആവശ്യപ്പെട്ടു. നാലാമതും സവാള ചോദിച്ചപ്പോൾ വില കൂടുതലാണെന്ന് പറഞ്ഞു. ഇതുകേട്ട ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രകോപിതരായി. തുടർന്ന് ഇവർ വഞ്ചിയൂർ മേഖലാ കമ്മിറ്റി പ്രസിഡന്റായ രഞ്ജിത്ത്, സെക്രട്ടറി ദിനീത്, മേഖലാ ട്രഷറർ അജിത്ത് എന്നിവരുമായി വീണ്ടും കടയിലെത്തി ആക്രമണം നടത്തുകയായിരുന്നു.

ബീഹാർ സ്വദേശിയായ ജീവനക്കാരന്റെ തല ചീനച്ചട്ടികൊണ്ട് അടിച്ചുപൊട്ടിച്ചു. ഇദ്ദേഹത്തിന്റെ തലയ്ക്ക് എട്ടു തുന്നലുണ്ട്. ക്യാഷ് കൗണ്ടർ അടക്കമുള്ളവ അക്രമികൾ അടിച്ചുതകർത്തു. കടയുടെ മുമ്പിലുള്ള ചില്ല് കൗണ്ടറും അടിച്ചുതകർത്തു.

ഹോട്ടലുടമ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. കടയ്ക്ക് മുപ്പത്തയ്യായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം പ്രതികൾ ഭീഷണിപ്പെടുത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം ആരംഭിച്ചതായും വിവരമുണ്ട്.

അഞ്ചുപേർക്കെതിേര കേസ്

ഹോട്ടൽ അടിച്ചുതകർത്തതിനും ജീവനക്കാരന്റെ തല തല്ലിപൊട്ടിച്ചതിനും കണ്ടാലറിയാവുന്ന രണ്ടുപേർ ഉൾപ്പെടെ അഞ്ച് പേർക്കെതിേര കേസെടുത്തതായി വഞ്ചിയൂർ പോലീസ് അറിയിച്ചു.

ഡി.വൈ.എഫ്.ഐ. നേതാക്കളായ രഞ്ജിത്, സെക്രട്ടറി ദിനീത്, അജിത്ത് എന്നിവർക്കെതിേരയും കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിേരയുമാണ് കേസ്. അന്വേഷണം നടന്നുവരികയാണെന്നും പ്രതികൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Content Highlights: dyfi workers assault hotel employees for not serving onions