കാഞ്ഞങ്ങാട്: നിർമാണം തുടങ്ങിയ വീടിന്റെ തറ പൊളിച്ചുനീക്കി ഡി.വൈ.എഫ്.ഐ. കൊടി നാട്ടി. അജാനൂർ ഗ്രാമപ്പഞ്ചായത്തിലെ ഇട്ടമ്മൽ ചാലിയം നായിൽ പ്രദേശത്താണ് സംഭവം. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിന്റെ അനുമതിയോടെയാണ് വീട് പണി തുടങ്ങിയത്. മുസ്‌ലിം ലീഗ് പ്രവർത്തകൻ അഷറഫ് കൊളവയലിന്റെ സഹോദരൻ വി.എം. റാസിഖാണ് വീട്‌ പണിയുന്നത്.

ഇദ്ദേഹത്തിന് ഇവിടെ 10 സെന്റ് സ്ഥലമാണുള്ളത്. ഫെബ്രുവരി അഞ്ചിനാണ് വീട്‌ നിർമിക്കാൻ അജാനൂർ പഞ്ചായത്ത് അനുമതി നൽകിയത്. ഏപ്രിൽ എട്ടിനാണ് നിർമാണം തുടങ്ങിയത്. പതിയെടുത്ത് രണ്ടുവരി ഉയരത്തിൽ ചെങ്കൽത്തറ കെട്ടുകയും തൊട്ടടുത്ത് ഷെഡ്ഡ് നിർമിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം വൈകുന്നേരം ഒരുസംഘമെത്തി കല്ലുകൾ നീക്കം ചെയ്തതായി സമീപവാസികൾ പറഞ്ഞു. തറയുടെ കിഴക്കുഭാഗത്തും തെക്കുഭാഗത്തും സിമന്റിട്ട് കെട്ടിയ കല്ലുകൾ ഇളക്കിയെടുത്ത് മറിച്ചിട്ട നിലയിലാണ്. ഷെഡ്ഡിന്റെ ഏഴുവരി കല്ലുകളും പൊളിച്ചു. ഉരുളൻകല്ലുകൾ നിരത്തി ഈ സ്ഥലത്തേക്കുള്ള വഴിയും തടസ്സപ്പെടുത്തി. കാഞ്ഞങ്ങാട്ട് പഴം വ്യാപാരിയാണ് റാസിഖ്. ഇദ്ദേഹത്തിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

കൊടി നാട്ടിയത് വയൽഭൂമിയായതിനാൽ -ഡി.വൈ.എഫ്.ഐ.

വീട് പണിയുന്നത് വയൽഭൂമിയിലാണെന്നും ഇവിടം വെള്ളം കെട്ടിനിൽക്കുന്നയിടമാണെന്നും അതിനാലാണ് നിർമാണം തടസ്സപ്പെടുത്തിയതെന്നും ഡി.വൈ.എഫ്.ഐ. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വിപിൻ കാറ്റാടി പറഞ്ഞു. പ്രദേശത്തുകാർക്ക് വലിയ ആശങ്കയുണ്ട്. ഇതു സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ തറ പൊളിച്ചതും ഷെഡ്ഡ് തകർത്തതും ഡി.വൈ.എഫ്.ഐ.ക്കാരല്ലെന്നും വിപിൻ ’മാതൃഭൂമി’യോട് പറഞ്ഞു.

ഡാറ്റാ ബാങ്കിലില്ലാത്ത സ്ഥലം -പഞ്ചായത്ത്

ഈ സ്ഥലം ഡാറ്റാ ബാങ്കിലുൾപ്പെടാത്തതിനാലും ഉടമയ്ക്ക് 10 സെന്റ് സ്ഥലം മാത്രമേയുള്ളൂവെന്നതിനാലുമാണ് വീട് നിർമാണത്തിന് അനുമതി നൽകിയതെന്ന് അജാനൂർ ഗ്രാമപ്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും സി.പി.എം. നേതാവുമായ കെ. സബീഷ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. പരാതി നൽകിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ച് ചില പരിശോധനകൾകൂടി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.