കൊല്ലം : കെ.എസ്.ആർ.ടി.സി.യിൽ ഡബിൾ ഡ്യൂട്ടി ഒഴിവാക്കി 12 മണിക്കൂറുള്ള ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയതിൽ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ. തൊഴിൽനിയമങ്ങൾക്ക് വിരുദ്ധമാണ് അധികൃതരുടെ നടപടിയെന്ന് ആരോപിച്ച് ഭരണാനുകൂല സംഘടനകളടക്കം രംഗത്തെത്തി.

കോവിഡ് കാരണം യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ കോർപ്പറേഷന്റെ വരുമാനം കുറഞ്ഞിട്ടുണ്ട്. എന്നാൽ പരിഷ്കരണംമൂലം വരുമാനത്തിൽ വർധനയൊന്നുമുണ്ടായിട്ടില്ലെന്ന് തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. അധികമായി ജോലിചെയ്യുന്ന സമയം കണക്കിലെടുത്ത് വേതനത്തിൽ വർധനവരുത്തിയിട്ടില്ല. മറ്റു ജില്ലകളിൽ ജോലിചെയ്യുന്നവർക്ക് അവധിദിനങ്ങളുടെ പ്രയോജനം ഇതുമൂലം ലഭിക്കുന്നുമില്ല. ഡ്രൈവർമാർ വിശ്രമമില്ലാതെ ബസ് ഓടിക്കുന്നതുമൂലം അപകടങ്ങൾക്കു സാധ്യതയേറുകയാണ്.

കോർപ്പറേഷന്റെ വരുമാനം വർധിപ്പിക്കാനുള്ള ചുമതല, അമിത ജോലിഭാരം അടിച്ചേൽപ്പിച്ച് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ചുമലിലാക്കിയിരിക്കുകയാണ്. ബസുകളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്തുന്നതിനും പഴയരീതിയിലുള്ള ജോലിസമയക്രമമാണ് ഉചിതമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. കെ.എസ്.ആർ.ടി.സി.എംപ്ലോയീസ് യൂണിയനും (എ.ഐ.ടി.യു.സി.), കെ.എസ്.ടി.എംപ്ലോയീസ് സംഘും പരിഷ്കരണങ്ങളിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

കൂടുതൽ യാത്രക്കാരുള്ളപ്പോൾ ബസ് ഓടിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കുംവിധമുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയതെന്നും രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ ബസുകൾ അധികം ഓടാത്ത സമയത്ത് ജീവനക്കാർക്ക് വിശ്രമം ലഭിക്കുമെന്നും അധികൃതർ വിശദീകരിക്കുന്നു. ഒരുദിവസത്തെ ഡബിൾ ഡ്യൂട്ടി നൽകി ഡ്യൂട്ടി ഓഫ് നൽകുന്ന നിലവിലെ രീതിമൂലം ഒരാൾക്കുപകരം രണ്ടുപേരെ നിയമിക്കേണ്ടിവരുന്നത് കോർപ്പറേഷന് അധികച്ചെലവ് ഉണ്ടാക്കുന്നുണ്ട്.

ജീവനക്കാർക്ക് സൗകര്യപ്രദമായ പരിഷ്കരണം

അംഗീകൃത യൂണിയനുകളുമായി ചർച്ചചെയ്താണ് കെ.എസ്.ആർ.ടി.സി.യിൽ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയത്. പത്തുമണിക്കൂർ ജോലി അമിതഭാരം ഏൽപ്പിക്കലല്ല. ഉത്പാദനക്ഷമത കൂട്ടാതെ കെ.എസ്.ആർ.ടി.സി.ക്ക് പിടിച്ചുനിൽക്കാനാകില്ല-ബിജു പ്രഭാകർ, മാനേജിങ് ഡയറക്ടർ, കെ.എസ്.ആർ.ടി.സി.