കൊച്ചി: സംസ്ഥാനത്ത് ഈ വർഷം ഒക്ടോബർവരെ പിടികൂടിയത് 700 കോടിയുടെ ലഹരിവസ്തുക്കൾ. അതിൽ 600 കോടിയുടെ ലഹരിവസ്തുക്കളും പിടികൂടിയത് അവസാന ആറുമാസത്തിനുള്ളിൽ!

ദിവസം മൂന്നുകോടിയിലേറെ രൂപയുടെ ലഹരിവസ്തുക്കൾ എക്സൈസ് പിടികൂടുന്നു. പിടികൂടുന്നതിന്റെ എത്രയോ ഇരട്ടി ലഹരി ഇടപാടും ഉപയോഗവും സംസ്ഥാനത്ത് നടക്കുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. മലേഷ്യയിലേക്ക് കടത്താൻ കൊണ്ടുവന്ന 200 കോടിയുടെ എം.ഡി.എം.എ. കൊച്ചിയിൽ എക്സൈസ് പിടികൂടിയിരുന്നു.

എൻ.ഡി.പി.എസ്. (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരമാണ് ഇതിൽ കേസെടുക്കുന്നത്. നിശ്ചിത അളവിൽ ലഹരിമരുന്ന് കൈവശംവെച്ചാൽ മാത്രമാണ് ഈ നിയമപ്രകാരം കർശന ശിക്ഷ. അതിൽ കുറവാണെങ്കിൽ ജാമ്യത്തിലിറങ്ങാം. ഇത് മനസ്സിലാക്കിയാണ് ലഹരി കടത്തുകാരുടെ നീക്കം.

2016-ൽ നൂറുകോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി. അടുത്തവർഷം ഇത് ഇരട്ടിയായി. 2018-ൽ മുൻവർഷത്തെ അപേക്ഷിച്ച് 350 ശതമാനമാണ് വർധന. ഈ വർഷം ഇതുവരെ 6314 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞവർഷം 5946 ആയിരുന്നു.

ലഹരിമരുന്ന് കേസുകളിൽ 2017-ൽ 6226 പ്രതികളെ പിടികൂടിയപ്പോൾ, ഈ വർഷം 6504 പേരെ പിടികൂടി. പ്രതികളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെങ്കിലും കടത്തുന്ന വസ്തുക്കളിൽ വലിയ വ്യത്യാസമുണ്ട്. സ്ഥിരം പ്രതികൾതന്നെ വിലകൂടിയ ന്യൂജെൻ ലഹരിമരുന്ന് കടത്തിലേക്ക് കടക്കുന്നതാണ് ഇതിന് കാരണം.

വിൽപ്പനയ്ക്ക് ക്രിപ്റ്റോകറൻസിയും

ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചുള്ള ഓൺലൈൻ വിൽപ്പന വരെ നടക്കുന്നുണ്ട്. സാങ്കേതികരംഗത്ത് ലഹരി സംഘങ്ങൾ വൻവളർച്ച കൈവരിക്കുമ്പോൾ പലപ്പോഴും എക്സൈസിന് ഇവരോടൊപ്പം ഓടിയെത്താനാകുന്നില്ല. ഫോൺ ലൊക്കേഷനും മറ്റ്‌ സാങ്കേതികവിവരങ്ങളും ലഭിക്കാൻ പോലീസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് എക്സൈസിന്. അന്താരാഷ്ട്രബന്ധമുള്ള സംഘങ്ങളുടെ വിവരങ്ങൾ കണ്ടെത്തുന്ന കാര്യത്തിൽ ഇത് വിലങ്ങുതടിയാകുന്നുണ്ട്.

സംസ്ഥാനത്തൊട്ടാകെ എക്സൈസ് ഷാഡോ സംവിധാനവും ഇന്റലിജൻസ് സംവിധാനവും ശക്തിയാർജിച്ചതാണ് കൂടുതൽ ലഹരി പിടികൂടാൻ സഹായിച്ചത്.

ന്യൂജെൻ ലഹരിയുടെ തള്ളിക്കയറ്റം

ന്യൂജെൻ ലഹരിയുടെ തള്ളിക്കയറ്റമാണ് പിടികൂടുന്ന ലഹരിയുടെ കണക്കിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ കുതിച്ചുചാട്ടത്തിന് കാരണം. കൂടെ എക്സൈസ് വകുപ്പ് ശക്തമായ പരിശോധനകൾ പല മാർഗങ്ങളിലൂടെ നടത്തുന്നതും കണക്ക് വർധിപ്പിക്കാൻ കാരണമാണ്.

- എ.എസ്. രഞ്ജിത്ത് (ഡിവിഷണൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ)

പിടികൂടിയ ലഹരിവസ്തുക്കൾ

ലഹരിവസ്തു 2017 2018

കഞ്ചാവ് 1332.35 കിലോഗ്രാം 1577.35 കിലോഗ്രാം

എം.ഡി.എം.എ 107.63 ഗ്രാം 31139.14 ഗ്രാം

ഹാഷിഷ് 1983.14 ഗ്രാം 63015.83 ഗ്രാം

ആംപ്യൂൾ/ഗുളികകൾ 29486 എണ്ണം 34782 എണ്ണം

ബ്രൗൺഷുഗർ 234.77 ഗ്രാം 283.46 ഗ്രാം

എൽ.എസ്.ഡി. 2.58 ഗ്രാം 6.31ഗ്രാം

കൊക്കെയ്‌ൻ 11 ഗ്രാം ലഭ്യമല്ല

Content Highlights:Drugs,kerala