ശ്രീകണ്ഠപുരം: പയ്യാവൂർ പുഴയുടെ പാറക്കടവ് കൂട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പയസായി സ്വദേശി ഇടച്ചേരി താഴത്ത് മനീഷ്(20), വഞ്ചിയത്തെ വി.സി. സനൂപ് (19), പൈസക്കരിയിലെ പാത്തിക്കുളങ്ങര അരുൺ സജി(19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

വെള്ളിയാഴ്ച വൈകുന്നേരം പുഴയിൽ കുളിക്കുന്നതിനിടയിലാണ് മൂവരും ചുഴിയിൽപ്പെട്ട് മുങ്ങിയത്. ശനിയാഴ്ച അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്ന്‌ 150 മീറ്റർ മാറിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മനീഷിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെടുത്തു. അരുണിന്റെയും സനൂപിന്റെയും വൈകുന്നേരം അഞ്ചോടെയും. ഇരിക്കൂർ പയസായിയിലെ എടച്ചേരി താഴത്തെവീട്ടിൽ ഗോപിനാഥ്, ഓമന ദമ്പതിമാരുടെ മകനാണ് മനീഷ്. റബ്ബർ ടാപ്പിങ്, ബൈക്ക് മെക്കാനിക് ജോലികൾ ചെയ്തുവരികയായിരുന്നു. സഹോദരി: മഞ്ജിമ.

പൈസക്കരി പാത്തിക്കുളങ്ങര വീട്ടിൽ സജി-റെമി ദമ്പതിമാരുടെ മകനാണ് അരുൺ. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. സഹോദരങ്ങൾ: നിതിൻ, നീതു.

വഞ്ചിയത്തെ വലിയവീട്ടിൽ ഓമനയുടെയും ചന്ദ്രന്റെയും മകനാണ് സനൂപ്. നിർമാണത്തൊഴിലാളിയാണ്. സഹോദരങ്ങൾ: സാലു(എറണാകുളം), ശരത്ത്(ആർമി, ഡൽഹി).

മനീഷിന്റെ ശവസംസ്കാരം പയ്യാവൂർ വണ്ണായിക്കടവിലുള്ള തറവാട്ട് ശ്മശാനത്തിൽ നടത്തി. മറ്റു രണ്ടുപേരുടെയും മൃതദേഹങ്ങൾ ശ്രീകണ്ഠപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹപരിശോധനയ്ക്ക് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചു. ഇവരുടെ ശവസംസ്കാരം ഞായറാഴ്ച നടക്കും.