പുത്തൂർ (കൊല്ലം) : കച്ചികയറ്റിയെത്തിയ പിക്കപ്പ് വാനിന്റെ പങ്‌ചറായ ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയതിനെത്തുടർന്ന് വാൻ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്പുറം പുല്ലാട് സന്തോഷ്ഭവനിൽ സുരേഷ്‌കുമാറാണ്‌ (49) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ കുളക്കട ഹൈസ്കൂൾ ജങ്ഷനുസമീപമായിരുന്നു അപകടം.

തമിഴ്നാട്ടിൽനിന്ന്‌ കച്ചികയറ്റി എത്തിയതായിരുന്നു വാൻ. കുളക്കടയിൽെവച്ച് വാനിന്റെ പിൻഭാഗത്തെ ടയർ പങ്‌ചറായി. റോഡിന്റെ ഒാരത്ത് വാഹനം നിർത്തിയശേഷം സുരേഷ്‌കുമാർ ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്താൻ ശ്രമിച്ചു. ഇതിനിടെ സഹായത്തിനായി അതുവഴി വന്ന മറ്റൊരു ലോറിക്ക് കൈകാണിച്ചുനിർത്തി. അതിന്റെ ഡ്രൈവറും ഇറങ്ങിവന്നു. ജോലി തുടരുന്നതിനിടെ ജാക്കി തെന്നിമാറി വാൻ മറിയുകയായിരുന്നു. ‘വാൻ ചരിയുന്നു, വേഗം മാറിക്കോ’ എന്ന്‌ അടുത്തുണ്ടായിരുന്ന ആൾ പറഞ്ഞെങ്കിലും ഒഴിഞ്ഞുമാറുംമുൻപ്‌ ലോറി സുരേഷ്‌കുമാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും വാഹനം ഉയർത്താൻ കഴിഞ്ഞില്ല.

പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയശേഷമാണ് സുരേഷ്‌കുമാറിനെ പുറത്തെടുത്തത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: മഞ്ജു. മക്കൾ: അഭയ സുരേഷ്, ആദിത്യ സുരേഷ്. സംസ്കാരം വെള്ളിയാഴ്ച 11.30-ന് വീട്ടുവളപ്പിൽ.