കൊച്ചി: വിലകുറയ്ക്കാനുള്ള തീരുമാനം കുപ്പിയിൽത്തന്നെയിരിക്കുമ്പോൾ കടുത്ത വേനലിൽ കേരളത്തിൽ കുപ്പിവെള്ളവില പൊള്ളുന്നു. അസോസിയേഷനും സർക്കാരും വിലകുറയ്ക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും കുപ്പിവെള്ളം ലിറ്ററിന് 20 രൂപ തന്നെ.
ഒരു ലിറ്റർ വെള്ളത്തിന് 12 രൂപയാക്കി കുറയ്ക്കാൻ കുപ്പിവെള്ള നിർമാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഒരുവർഷംമുമ്പ് തീരുമാനിച്ചിരുന്നു. വില 13 രൂപയാക്കി നിശ്ചയിച്ച് ഓർഡിനൻസ് ഇറക്കുമെന്ന് സർക്കാരും പറഞ്ഞു. ഇതുരണ്ടും നടപ്പായില്ല. വലിയ കമ്പനികളുടെ താത്പര്യപ്രകാരം തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് അസോസിയേഷൻ ആരോപിക്കുന്നു.
കേരളത്തിൽ നൂറ്റിയമ്പതോളം കമ്പനികൾക്കാണ് കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും വിൽക്കാനും ലൈസൻസുള്ളത്. എട്ടുരൂപ നിർമാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാൾ അധികം വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നായിരുന്നു അസോസിയേഷന്റെ നിലപാട്. ഇക്കാര്യത്തിൽ സർക്കാരിനെ സമീപിച്ചപ്പോൾ കുപ്പിവെള്ളത്തെ അവശ്യസാധനപട്ടികയിൽ ഉൾപ്പെടുത്തി വില ലിറ്ററിന് 13 രൂപയാക്കി നിജപ്പെടുത്തി ഓർഡിനൻസ് ഇറക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നു. പിന്നീട് പലവട്ടം ഇക്കാര്യത്തിനായി സർക്കാരിനെ സമീപിച്ചെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് അസോസിയേഷൻ പറയുന്നത്.
തീരുമാനം അട്ടിമറിക്കപ്പെട്ടു
ജനങ്ങളോട് നീതിപുലർത്തണമെന്ന ആഗ്രഹത്താലായിരുന്നു കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കാൻ തീരുമാനിച്ചത്. ഇത് ചിലർ അട്ടിമറിച്ചു. സർക്കാർ അനുകൂല തീരുമാനമെടുക്കാത്തതിൽ വിഷമമുണ്ട്.
- എം.ഇ. മുഹമ്മദ്, കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ്