തിരുവനന്തപുരം: കിഫ്ബിയെപ്പറ്റിയുള്ള സി.എ.ജി. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടത് അസാധാരണസാഹചര്യത്തിലെ അസാധാരണ നടപടിയെന്ന് ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്. കേരളത്തിന്റെ വികസനത്തെ മൊത്തത്തിൽ വെട്ടിനിരത്താനാണ് ശ്രമം. അതുകൊണ്ടാണ് അത് തുറന്നുകാട്ടാൻ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.

‘‘നിയമസഭയിലാണ് റിപ്പോർട്ട് ചർച്ച ചെയ്യേണ്ടത്. റിപ്പോർട്ട് സഭയിൽവെക്കും. എന്നാൽ, ജനുവരിയിൽ അല്ലേ സഭ ചേരുന്നുള്ളൂ. അതുവരെ കാത്തിരിക്കാൻ വയ്യ. അല്പം തിരക്കുണ്ട്’’ -നിയമസഭയിൽ എത്തുന്നതിന് മുമ്പേ റിപ്പോർട്ട് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയുണ്ടെന്ന് സമ്മതിച്ചുകൊണ്ട് ഐസക് പറഞ്ഞു. അവകാശലംഘന നോട്ടീസിൽ സ്പീക്കർ തന്നോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട്ടിലെ ക്രമവിരുദ്ധത ചൂണ്ടിക്കാട്ടി,

അത് പുറത്തുവിടാനുള്ള അസാധാരണ സാഹചര്യം എന്തെന്ന് വിശദമാക്കി സ്പീക്കർക്ക് മറുപടി നൽകും. തുടർ നടപടി അദ്ദേഹം തീരുമാനിക്കും.

തന്റെ നടപടിയിൽ അവകാശലംഘനപ്രശ്നം ഉണ്ടെങ്കിലും സി.എ.ജി. റിപ്പോർട്ടിനെ അടിയന്തരമായി പ്രതിരോധിക്കേണ്ടതിനാൽ പുറത്തുപറയാൻ നിർബന്ധിതനായി എന്ന വാദമാണ് ധനമന്ത്രി ഇപ്പോൾ ഉന്നയിക്കുന്നത്.

‘‘എന്റെ മേലുള്ള അവകാശലംഘനമൊക്കെ ചെറുത്. കേരളത്തിന്റെയും ജനങ്ങളുടെയും അവകാശത്തെയാണ് സി.എ.ജി. ലംഘിക്കുന്നത്. അവകാശലംഘനത്തിന്റെ ചുറ്റും കിടന്ന് കറങ്ങരുത്. വികസനപ്രവർത്തനം തുടരണോ എന്നതാണ് പ്രശ്നം’’ -അദ്ദേഹം പറഞ്ഞു.

ഗവർണർവഴി നിയമസഭയിൽ സമർപ്പിച്ചതിനുശേഷം മാത്രമേ സി.ആൻഡ് എ.ജി.യും മറ്റുള്ളവരും ഇത് വെളിപ്പെടുത്താവുവെന്ന് വ്യവസ്ഥയുണ്ട്. പക്ഷേ, സർക്കാരിന് റിപ്പോർട്ട് കിട്ടുമ്പോൾ അതാരും തുറന്നുനോക്കരുതെന്ന് വ്യവസ്ഥയില്ല. കിട്ടിയറിപ്പോർട്ട് സീല് പൊട്ടിക്കാതെ ഗവർണർ വഴി നിയമസഭയിൽ വെക്കണമെന്ന്് എവിടെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്? ധനമന്ത്രി നോക്കും. വേണമെങ്കിൽ മുഖ്യമന്ത്രി നോക്കും. ധനവകുപ്പ് സെക്രട്ടറി നോക്കും. താൻ ഇതുവരെ നോക്കിയിട്ടുണ്ട്. പോസ്റ്റുമാന്റെ പണിയല്ല ധനമന്ത്രിക്ക് -അദ്ദേഹം പറഞ്ഞു.