കണ്ണൂര്‍: മലേഷ്യയില്‍ കെട്ടിടത്തിനുമുകളില്‍നിന്നു വീണുമരിച്ച സ്ത്രീ വര്‍ഷങ്ങള്‍ക്കുമുമ്പ് ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പയ്യന്നൂര്‍ സ്വദേശി ഡോ. ഓമനയാണോയെന്ന് സംശയം. മലേഷ്യയിലെ സുബാങ്ജായ സലങ്കോര്‍ എന്ന സ്ഥലത്ത് കെട്ടിടത്തില്‍നിന്നു വീണുമരിച്ച സ്ത്രീ മലയാളിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ പയ്യന്നൂര്‍ കരുവാച്ചേരി എടാടന്‍ ഹൗസിലെ ഡോ. ഓമനയാണെന്നാണ് സംശയം.

ആളെ തിരിച്ചറിയാത്തതിനാല്‍ മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മരിച്ച സ്ത്രീയുടെ ഫോട്ടോ സഹിതം കഴിഞ്ഞദിവസം മലയാളപത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മരിച്ചത് ഡോ. ഓമനയാണെന്നു സംശയമുയര്‍ന്നത്. ഓമനയുടെ ഭര്‍ത്താവിനെയും സഹോദരനെയും ഫോട്ടോ കാണിച്ചപ്പോള്‍ അവരും സംശയം പ്രകടിപ്പിച്ചു. ഓമനയുടെ തിരുവനന്തപുരത്തെ മകളെയും ഫോട്ടോകാണിച്ചിരുന്നു. സാദൃശ്യം അവരും ശരിവെച്ചു.

അതേസമയം വിവാദമായ കൊലക്കേസിലെ പ്രതി ഡോ. ഓമന ഇപ്പോള്‍ എവിടെയാണെന്ന് പോലീസിനുപോലും കൃത്യമായ വിവരമില്ല. മരിച്ചത് ഡോ. ഓമനയാവാമെന്ന സംശയം മാത്രമാണുള്ളതെന്നും കൃത്യമായ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ലഭിച്ചാലേ സ്ഥിരീകരിക്കാനാവൂ എന്നും ഡിവൈ.എസ്.പി. കെ.വി. വേണുഗോപാല്‍ പറഞ്ഞു. അവര്‍ മലേഷ്യയിലാണെന്നു പറയുന്നുണ്ടെങ്കിലും ഫോണ്‍ബന്ധമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ ഡി.എന്‍.എ. ടെസ്റ്റ് നടത്തിയാലേ കൃത്യമായ വിവരം ലഭിക്കൂ. അതിന് ശ്രമിക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു.
 
ഞെട്ടിച്ച കുറ്റകൃത്യം നടന്നത് 21വര്‍ഷം മുന്‍പ്

കണ്ണൂര്‍: കേരളത്തെ ഞെട്ടിച്ച ആ കുറ്റകൃത്യം നടന്നിട്ട് 21വര്‍ഷം കഴിഞ്ഞു. പയ്യന്നൂരിലെ കരാറുകാരനായ മുരളീധരനാണ് 1996 ജൂലായ് ഒന്നിന് ഊട്ടിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടത്. പ്രതി കാമുകിയും നേത്രഡോക്ടറുമായ പയ്യന്നൂര്‍ സ്വദേശിനി ഡോ. ഓമനയും.
 
ലോഡ്ജില്‍ വിഷംകുത്തിവെച്ച് കൊലപ്പെടുത്തിയ മുരളീധരനെ ശസ്ത്രക്രിയക്കുപയോഗിച്ചുന്ന കത്തികൊണ്ട് വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ടാക്‌സി കാറില്‍ കൊണ്ടുപോയി വനത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് അവര്‍ പിടിയിലായത്.

കൊലനടത്തുമ്പോള്‍ രക്തം പുറത്തുവരാതിരിക്കാനുള്ള മരുന്നും കുത്തിവെച്ചിരുന്നു. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച സ്യൂട്ട്‌കേസ് കണ്ടു സംശയംതോന്നിയ ടാക്‌സി ഡ്രൈവറാണ് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാര്‍ തടഞ്ഞ് ഇവരെ പോലീസിലേല്‍പ്പിക്കുകയായിരുന്നു.
 
കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തിലിറങ്ങിയ ഡോ. ഓമന പിന്നീട് ഒളിവില്‍പ്പോയി. ഇവര്‍ മലേഷ്യയിലേക്കു രക്ഷപ്പെട്ടെന്ന് പ്രചാരണമുണ്ടായെങ്കിലും ഇന്റര്‍പോളിനുപോലും കണ്ടെത്താനായില്ല.