തൃശ്ശൂർ: സ്കൂളിലേക്ക് വിദ്യാർഥികൾ പോയിത്തുടങ്ങുമ്പോൾ വാക്സിനെക്കാൾ പ്രാധാന്യം മാസ്കിനു തന്നെയാണെന്ന് ലോകപ്രശസ്ത വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗൻദീപ് കാങ്.

റൊട്ട വൈറസിനെതിരേ വാക്സിൻ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ചതിലൂടെ ‘വാക്സിൻ ഗോഡ് മദർ’ എന്ന് മെഡിക്കൽ ലോകം വിശേഷിക്കുന്ന കാങ് തൃശ്ശൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ‘മാതൃഭൂമി’യുമായി സംസാരിച്ചത്.

സ്കൂളുകളിൽ പോയിത്തുടങ്ങിയാൽ കുട്ടികൾക്ക് കോവിഡ് ബാധ ഉണ്ടായേക്കാം. എന്നാൽ, കുട്ടികൾക്കിടയിൽ വ്യാപകമായി രോഗം പടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വിരളമാണ്. ആരോഗ്യമുള്ള കുട്ടികളെ സംബന്ധിച്ച് കുറച്ചേ ആശങ്കപ്പെടേണ്ടതുള്ളൂ. പ്രത്യേകം ശ്രദ്ധവേണ്ട കുട്ടികൾക്ക് വാക്സിൻ നൽകണം.

അധ്യാപകരും മറ്റു ജീവനക്കാരും നിർബന്ധമായും രണ്ടു ഡോസ് വാക്സിൻ എടുത്തവരാകണം. മാസ്ക് ധരിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. ക്ലാസ് മുറികൾ വായുസഞ്ചാരമുള്ളതായിരിക്കണം. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ക്ലാസ് മുറിക്കു പുറത്ത് തുറസ്സായ സ്ഥലത്താവണം. കുട്ടികൾക്കോ രക്ഷിതാക്കൾക്കോ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ വീട്ടിൽത്തന്നെ ഇരിക്കണം.

വീട്ടിലുള്ള മുതിർന്നവർക്ക് രോഗബാധയുണ്ടാകുമോ എന്ന ആശങ്കയിൽ അർഥമില്ല. അവരെല്ലാം വാക്സിൻ എടുത്തിരിക്കണം. സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത് നൂറുശതമാനം ശരിയായ തീരുമാനമാണ്. ഒരു വർഷം മുമ്പുതന്നെ ഇത് ആവാമായിരുന്നു- ഡോ. ഗഗൻദീപ് കാങ് പറഞ്ഞു.