മലപ്പുറം: മനുഷ്യകുലത്തെ എക്കാലവും ത്രസിപ്പിച്ച പ്രപഞ്ചോത്‌പത്തിയുടെ രഹസ്യങ്ങളിലേക്കുള്ള പുതുവഴികൾതേടി ഒരു മലയാളി ശാസ്ത്രജ്ഞൻ. പെരിന്തൽമണ്ണ, മേലാറ്റൂർ സ്വദേശിയായ ഡോ. അജിത്ത് പരമേശ്വരനാണ് പുതിയ കണ്ടെത്തൽ നടത്തിയ ‘ലൈഗോ’ ഗവേഷണസംഘത്തിലെ മലയാളി. ഇദ്ദേഹത്തിന് കഴിഞ്ഞദിവസം വേൾഡ് അക്കാദമി ഓഫ് സയൻസിന്റെ യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഡോ. അജിത്ത് സംസാരിക്കുന്നു.

ഗുരുത്വതരംഗ ഗവേഷണത്തിന്റെ പ്രാധാന്യം ?

ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെക്കുറിച്ച് നമ്മൾ അറിയുകയും പഠിക്കുകയും ചെയ്യുന്നത് പ്രകാശതരംഗങ്ങളെ ഉപയോഗിച്ചാണ്. എന്നാൽ പ്രകാശതരംഗങ്ങൾക്ക് കടന്നുചെല്ലാനോ പുറത്തുപോകാനോ കഴിയാത്ത എത്രയോ മേഖലകളുണ്ട് പ്രപഞ്ചത്തിൽ. തമോഗർത്തങ്ങൾ പോലുള്ള അതിതീവ്ര ഗുരുത്വകേന്ദ്രങ്ങൾ. ഇത്തരം മേഖലകളെക്കുറിച്ചു പഠിക്കാതെ പ്രപഞ്ചപഠനം ഒന്നുമാവില്ല. ഇതുപഠിക്കാൻ നിലവിൽ ഒരുവഴിയും ശാസ്ത്രത്തിനുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഐൻസ്റ്റീന്റെ പഴയ പ്രവചനം തുണയായത്.

അതീവഭാരമുള്ള വസ്തുക്കൾ അതിവേഗത്തിൽ ചലിക്കുമ്പോൾ അവ ഗുരുത്വതരംഗങ്ങൾ ഉണ്ടാക്കുമെന്നാണ് ഐൻസ്റ്റീന്റെ സിദ്ധാന്തം പ്രവചിക്കുന്നത്. സ്ഥലകാലങ്ങളിലുള്ള ഓളങ്ങളാണ് ഈ വിചിത്രതരംഗങ്ങൾ. ഐൻസ്റ്റീന്റെ സിദ്ധാന്തത്തിന് നൂറുവർഷം പഴക്കമുണ്ടെങ്കിലും ഗുരുത്വതരംഗങ്ങളെ ആദ്യമായി കണ്ടെത്തിയത് കേവലം അഞ്ചുവർഷം മുൻപാണ്.

എന്താണ് ഗുരുത്വതരംഗ നിരീക്ഷണം ?

ജ്യോതിശ്ശാസ്ത്രത്തിന്റെ ഏറ്റവും പുതിയതും വിപ്ലവകരവുമായ ശാഖയാണ് ഗുരുത്വതരംഗമുപയോഗിച്ചുള്ള പ്രപഞ്ച നിരീക്ഷണ രീതി. 2015-ലാണ് ഗുരുത്വതരംഗങ്ങളെ ആദ്യമായി നേരിട്ട് നിരീക്ഷിക്കുന്നത്. പ്രപഞ്ചത്തിന്റെ പല ഭാഗങ്ങളിലും തമോഗർത്തങ്ങളും ന്യൂട്രോൺ നക്ഷത്രങ്ങളുമൊക്കെ കൂട്ടിയിടിച്ചപ്പോളുണ്ടായ അമ്പതിലേറേ വ്യത്യസ്ത ഗുരുത്വതരംഗങ്ങൾ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് നാം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ തരംഗങ്ങളെ ശബ്ദമാക്കിമാറ്റി നമുക്ക് കേൾക്കാൻ സാധിക്കും. പ്രപഞ്ചത്തെക്കുറിച്ച് ദൃശ്യാധിഷ്ഠിത പഠനം മാത്രമല്ല ശബ്ദാധിഷ്ഠിത പഠനംകൂടി സാധ്യമാകുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം.

പ്രപഞ്ചത്തിൽ മറ്റുതരത്തിൽ കാണാൻ സാധിക്കാത്ത പല കാര്യങ്ങളും ഗുരുത്വതരംഗങ്ങളെ ഉപയോഗിച്ച് കാണാനും പഠിക്കാനും സാധിക്കും. തമോഗർത്തങ്ങൾ, പ്രപഞ്ചോത്‌പത്തി തുടങ്ങിയവയെപ്പറ്റി കൂടുതൽ പഠിക്കാനുള്ള പ്രധാനപ്പെട്ട വഴി ഇനി ഇതാണ്.

ഈമേഖലയിൽ ഇന്ത്യയുടെ സംഭാവന ?

ഇന്ത്യയിൽ ഈ മേഖലയിൽ ഗൗരവതരമായ ഗവേഷണം നടക്കുന്നുണ്ട്. ഇതിനെക്കുറിച്ചു പഠിക്കുന്ന ആഗോള സംഘടനയായ ’ലൈഗോ സയന്റിഫിക് കൊളാബ്രേഷനി’ൽ നൂറോളം ഇന്ത്യക്കാരുണ്ട്. കുറേ മലയാളികളും. ഗുരുത്വതരംഗങ്ങളെ നിരീക്ഷിക്കാനുള്ള ’ലൈഗോ ഇന്ത്യ’ എന്ന സംവിധാനം മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ ശ്രമംനടക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ നടക്കുന്ന പ്രതിഭാസങ്ങളെ മനസ്സിലാക്കാൻ ഇതുവഴി സാധിക്കും.

താങ്കൾ ഈ മേഖലയിലേക്കു വന്നത് ?

യാദൃച്ഛികമായാണ് ഈ മേഖലയിലേക്കെത്തിയത്. ചെമ്മാണിയോട് ഗവ. എൽ.പി. സ്‌കൂൾ, മേലാറ്റൂരിലെ ആർ.എം ഹൈസ്‌കൂൾ എന്നീ വിദ്യാലയങ്ങളിലാണ് പഠിച്ചത്. എം.ജി. സർവകലാശാലയിൽ പി.ജിക്കു പഠിക്കുമ്പോൾ ഗുരുത്വതരംഗങ്ങളുടെ പഠനത്തിലെ ഏറ്റവുംവലിയ വിദഗ്ധൻമാരിലൊരാളായ പ്രൊഫ. സഞ്ജീവ് ധുരന്ധറിന്റെ കൂടെ പുണെയിൽ ഒരു സമ്മർ പ്രോജക്ടിൽ പങ്കെടുക്കാൻ അവസരംലഭിച്ചു. പീന്നീട് ഈ മേഖലയിൽത്തന്നെ പഠനം തുടർന്നു. ജർമനിയിൽനിന്ന് പിഎച്ച്.ഡിയും നേടി.

ഇപ്പോൾ ബെംഗളൂരുവിലെ ഇന്റർനാഷണൽ സെന്റർ ഫോർ തിയറിറ്റിക്കൽ സയൻസസിൽ ശാസ്ത്രജ്ഞനാണ്. ആർക്കിടെക്ടായ പ്രിയങ്കയാണ് ഭാര്യ. മകൾ നിരുപമ.