തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ പ്രഖ്യാപിച്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണം ഒരാഴ്ചത്തേക്കുകൂടി നീട്ടിയേക്കും. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം നീട്ടണമെന്ന് ചൊവ്വാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നിർദേശിച്ചു.

ഒരാഴ്ചത്തെ സ്ഥിതി വിലയിരുത്തിയായിരിക്കും തുടർ തീരുമാനം. വീടുകളിൽനിന്നു പുറത്തുപോകുന്നവർ രണ്ട് മാസ്കുകൾ നിർബന്ധമായും ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യായാമമുറകൾക്ക് പൊതുസ്ഥലങ്ങൾ ഒഴിവാക്കണം. നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ തിരഞ്ഞെടുപ്പിൽ വരണാധികാരികളായിരുന്ന ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കും.

മറ്റുനിർദേശങ്ങൾ

* രണ്ടുമാസ്ക് ഉപയോഗിക്കുമ്പോൾ ആദ്യം സർജിക്കൽ മാസ്കും പുറമേ തുണി മാസ്കും ധരിക്കണം. അല്ലെങ്കിൽ എൻ 95 മാസ്ക് ഉപയോഗിക്കാം.

* സാധനങ്ങൾ ഏറ്റവും അടുത്ത കടയിൽനിന്നു വാങ്ങണം. പുറത്തുപോകുമ്പോൾ സാനിറ്റൈസറും കരുതണം.

* രോഗലക്ഷണങ്ങൾ കണ്ടാൽ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്ക് ധരിക്കണം. ഉടനടി ടെസ്റ്റ് നടത്തി കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

*അവശ്യസാധന വിതരണം ഓൺലൈൻ വഴിയാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കൺസ്യൂമർ ഫെഡ് എന്നിവയ്ക്കും നിർദേശംനൽകി.

*ജനലുകൾ എല്ലാം തുറന്ന് കഴിയാവുന്നത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം.

*കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ മുതലായവരുടെ യാത്ര പോലീസ് തടസ്സപ്പെടുത്തരുത്.

* ഓക്സിജൻ, മരുന്നുകൾ മുതലായ അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ പോലീസ് അകമ്പടി നൽകും.

Content Highlight: double masking mandatory : CM