കൊച്ചി: ഡോളർക്കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യണമെങ്കിൽ കസ്റ്റംസിന് ഒന്നരമാസത്തോളം കാത്തിരിക്കേണ്ടി വരും. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ (എ.എസ്.ജി.) കസ്റ്റംസിനു നൽകിയ നിയമോപദേശത്തിൽ സഭാസമ്മേളനത്തിനിടയിൽ സമൻസ് നൽകുന്നത് ഒഴിവാക്കാൻ നിർദേശമുണ്ട്.

ബജറ്റ് സമ്മേളനം 28-നാണ് അവസാനിക്കുന്നത്. ഇതിനുശേഷവും സഭയുടെ ഔദ്യോഗിക രേഖകളിലുള്ള നടപടിക്രമങ്ങൾ സ്പീക്കറുടെ മേൽനോട്ടത്തിൽത്തന്നെയാണു പൂർത്തിയാക്കേണ്ടത്. ഇത്തരം ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി സ്പീക്കർക്ക് ചോദ്യംചെയ്യൽ വൈകിപ്പിക്കാൻ സാധിക്കും. ചരിത്രത്തിൽ ആദ്യമായാണ് നിയമസഭാ സ്പീക്കറെ ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത് എന്നതിനാൽ ഇതുസംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തതക്കുറവുണ്ട്.

ഡോളർക്കടത്ത് കേസിൽ സ്പീക്കർക്കെതിരേ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാൻ തീരുമാനം. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനിൽനിന്നു മൊഴിയെടുക്കാൻ നോട്ടീസ് നൽകിയതു വിവാദമായപ്പോഴാണ് കസ്റ്റംസ് നിയമോപദേശം തേടിയത്.

നിയമസഭാ സമ്മേളന കാലയളവിൽ ചോദ്യംചെയ്യുന്നത് ഒഴിവാക്കാൻ എ.എസ്.ജി. ആവശ്യപ്പെട്ടത് സഭയോടുള്ള ആദരവിനാലാണ്. കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതിൽ മറ്റു നിയമതടസ്സങ്ങളൊന്നുമില്ലെന്നാണ് എ.എസ്.ജി. വ്യക്തമാക്കുന്നത്.

ഫെബ്രുവരി ആദ്യവാരമെന്നു സൂചന

നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസമാകും കസ്റ്റംസ് സമൻസ് നൽകുകയെന്നാണു സൂചന. അങ്ങനെയെങ്കിൽ ഫെബ്രുവരി ആദ്യ വാരമാകും ചോദ്യംചെയ്യൽ.

ഭരണഘടനാ പദവി വഹിക്കുന്നയാളെന്ന നിലയിൽ കൊച്ചിയിലേക്കു വിളിച്ചുവരുത്താതെ തിരുവനന്തപുരത്തു തന്നെയാകും ചോദ്യംചെയ്യൽ. നിയമക്കുരുക്കുകൾ ഒഴിവാക്കാൻ പി. ശ്രീരാമകൃഷ്ണന്റെ വീട്ടുവിലാസത്തിലാകും സമൻസ് നൽകുക.

സിവിൽ കേസുകളിൽ സഭാസമ്മേളനത്തിന് ഒരുമാസം മുമ്പോ ഒരുമാസത്തിനു ശേഷമോ മാത്രമേ ഇത്തരത്തിൽ നോട്ടീസ് നൽകാവൂ. പക്ഷേ, ഡോളർക്കടത്ത് ക്രിമിനൽ കേസായതിനാൽ ഈ കാലാവധി അവകാശപ്പെടാനാകില്ലെന്നും വാദമുണ്ട്.

രാഷ്ട്രീയ തിരിച്ചടി ഭയം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിനു തൊട്ടുമുമ്പാണു ചോദ്യംചെയ്യലെങ്കിൽ അത് രാഷ്ട്രീയമായി എങ്ങനെ ബാധിക്കുമെന്നതിൽ ഇടതുപക്ഷത്ത് ആശങ്കയുണ്ട്. ചോദ്യംചെയ്യലിനു ഹാജരായില്ലെങ്കിൽ പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചേക്കാം. അതിനാൽ സഭാസമ്മേളനം കഴിഞ്ഞാലുടൻ ഹാജരാകുന്നതാകും ഉചിതമെന്ന അഭിപ്രായം ഇടതുപക്ഷത്തുണ്ട്.

അന്വേഷണത്തെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കർ പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിൽ സ്വമേധയാ ഹാജരാകാനാണു സാധ്യത.