കാസര്‍കോട്: ട്യൂഷന് സെന്ററില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡോക്ടറെ ഏഴുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനും കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എസ്.ശശികുമാർ ശിക്ഷിച്ചു. പിഴയടയ്ക്കാതിരുന്നാല്‍ ഒരുവര്‍ഷം അധികം തടവനുഭവിക്കണം. ട്യൂഷന് സെന്റർ ഉടമയും അധ്യാപകനുമായിരുന്ന കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ ഡോ. മുഹമ്മദ് അഷ്കറി(28)നെയാണ് കോടതി ശിക്ഷിച്ചത്. പിഴയായി അടയ്ക്കുന്ന തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി നിർദേശിച്ചു.
കേസിലെ രണ്ടാംപ്രതിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ സുമ്യ(29)യെ നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നു. 2012 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന് സെന്ററിലെ വിദ്യാര്‍ഥിനിയുടെ പരാതിയിൽ ഇയാളുടെ പേരിൽ 2013 ഫെബ്രുവരി 25-നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ട്യൂഷന് സെന്ററിലെത്തിയ പെണ്‍കുട്ടിയെ പ്രതി വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് പരാതി.
പ്രതി സമാനമായ രീതിയില്‍ വേറെയും വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതിയുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളുടെപേരിൽ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മറ്റു കേസുകളിൽനിന്ന് പ്രതി രക്ഷപ്പെട്ടു. എന്നാല്‍, ഒരുപെണ്‍കുട്ടി പരാതിയില്‍ ഉറച്ചുനിന്നു. ഈ കേസിലാണ് ഇയാളെ ശിക്ഷിച്ചത്. കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഇയാളുടെ പേരിൽ മറ്റൊരുകേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ട്യൂഷന് സെന്ററിലാണ് മുഹമ്മദ് അഷ്കർ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതിയുയര്‍ന്നത്. അന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായിരുന്നു പ്രതി. തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കി പയ്യന്നൂരിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറായി ജോലിചെയ്തിരുന്നു. ഇയാളുടെ പേരിലുള്ള കേസ് ശ്രദ്ധയില്‍പ്പെട്ട ആസ്പത്രി അധികൃതര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
തുടക്കത്തില്‍ അന്നത്തെ ഹൊസ്ദുര്‍ഗ് സി.ഐ. കെ.വി.വേണുഗോപാലാണ് കേസന്വേഷിച്ചത്. എന്നാല്‍, ഈ ഉദ്യോഗസ്ഥന് തന്റെ പേരിൽ കള്ളക്കേസ് ചമച്ചതാണെന്നാരോപിച്ച് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി. കെ.വി.രഘുരാമന് കൈമാറി. അദ്ദേഹമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.