തിരൂർ: തീവണ്ടിയാത്രയ്ക്കിടയിൽ പ്രമേഹം കൂടി അവശയായ സഹയാത്രികയായ നഴ്സിങ് വിദ്യാർഥിയെ വഴിയിലിറങ്ങി പാതിരാത്രിയിൽ ആശുപത്രിയിലെത്തിച്ച് പുലരുവോളം കൂട്ടിരുന്ന് യുവ ഡോക്ടർ ആയിഷ മാതൃകയായി. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം.

കൊല്ലത്തുനിന്ന് മംഗലാപുരത്തേക്ക് തിങ്കളാഴ്ച പുലർച്ചെ മാവേലി എക്സ്പ്രസിൽ ലേഡീസ് കമ്പാർട്ട്മെന്റിലെ യാത്രയ്ക്കിടയിലാണ് സംഭവം.

മംഗലാപുരം സിറ്റി കോളേജിലെ നഴ്സിങ് വിദ്യാർഥിയും കൊല്ലം കല്ലുംതാഴം അയത്തിൽ സ്വദേശിയുമായ രേഷ്‌മ അനിൽകുമാറി(18)നാണ് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ പ്രമേഹം കൂടി ഛർദിയും തളർച്ചയുമുണ്ടായത്. പുലർച്ചെ മൂന്നുമണിയോടെ റെയിൽവേ സുരക്ഷാനമ്പറിൽ വിളിച്ചുപറഞ്ഞശേഷം അതേ കമ്പാർട്ട്മെന്റിലുണ്ടായിരുന്ന ഡോക്ടർ ആയിഷ രേഷ്‌മയെ പരിചരിക്കുകയും തിരൂർ റെയിൽവേസ്റ്റേഷനിൽ ഇറക്കുകയുമായിരുന്നു.

റെയിൽവേ ഉദ്യോഗസ്ഥർ ഏർപ്പാടുചെയ്ത ആംബുലൻസിൽ ഇവർതന്നെ രേഷ്‌മയെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. കൂട്ടായി ആംബുലൻസ് ഡ്രൈവർമാരായ മുരളീധരനും ജലീലുമുണ്ടായിരുന്നു.

ഡോ. ആയിഷ തന്നെയാണ് രേഷ്‌മയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. രേഷ്‌മയുടെ അസുഖം കുറഞ്ഞതിനുശഷം തിങ്കളാഴ്ച രാവിലെയാണ് ആയിഷ ജോലിസ്ഥലത്തേക്ക് പോയത്. ഉച്ചയോടെ ബന്ധുക്കൾ തിരൂർ ജില്ലാ ആശുപത്രിയിലെത്തി രേഷ്‌മയെ വീട്ടിലേക്ക് കൊണ്ടുപോയി.

കൊല്ലം കാവനാട് മുക്കാട് സ്വദേശിയാണ് എറ്റിൽ ഭവനിൽ ഡോ. ആയിഷ. മംഗലാപുരം വെൻലോക്ക് ജില്ലാ ആശുപത്രിയിലാണ് ഇരുപത്തിനാലുകാരിയായ ഈ ഡോക്ടർ ജോലിചെയ്യുന്നത്.

സഹയാത്രികയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് നിയോഗമായി കാണുന്നുവെന്ന് ഡോക്ടർ ആയിഷ മാതൃഭൂമിയോട് പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരും ആംബുലൻസ് ഡ്രൈവർമാരും ജില്ലാ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും നൽകിയ സഹകരണമാണ് രേഷ്‌മയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: doctor ayisha from kollam helps a girl and taken to hospital during train journey