കൊച്ചി: കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് വേർതിരിവില്ലാതെ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അത് എല്ലാവർക്കും താങ്ങാവുന്നതുമായിരിക്കണം. ഇപ്പോൾ ഉള്ളത് ഫ്രീ മാർക്കറ്റ് അല്ലെന്നും ഫിയർ മാർക്കറ്റ് ആണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതിയോട് എല്ലാവരും അനുകൂലമായി പ്രതികരിക്കുന്നത് ശുഭകരമാണ്. ഇക്കാര്യത്തിൽ എം.ഇ.എസ്. സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമെന്ന് പറഞ്ഞ കോടതി ഇതാണ് റംസാൻകാലത്തെ യഥാർഥവികാരമെന്നും അഭിപ്രായപ്പെട്ടു. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് അടക്കം സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുകയെ ഈടാക്കാവൂ. ആർ.ടി.പി.സി.ആർ പരിശോധനയുടെ ഫീസ് 500 രൂപയാക്കി കുറച്ചതിനെതിരേ ലാബ് ഉടമകൾ നൽകിയ ഉപഹർജി കോടതി തള്ളി.

കോടതി നിർദേശങ്ങൾ-

* കോവിഡുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി വിളിക്കാവുന്ന ഒറ്റ ടോൾഫ്രീ നമ്പർ വേണം.

* രോഗികളെ വിവിധ വിഭാഗങ്ങളായിത്തിരിച്ച് കൃത്യമായി കൈകാര്യം ചെയ്യാനായാൽ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാം.

* എംപാനൽഡ് ആശുപത്രികളിൽ സർക്കാർ നിർദേശപ്രകാരം നീക്കിവെച്ചിരിക്കുന്ന 50 ശതമാനം കിടക്കകളിൽ ചികിത്സാഫീസ് സൗജന്യമാണോയെന്ന് കോടതി ചോദിച്ചു. മറുപടിക്ക് സർക്കാർ സമയം തേടി.

* എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കണം.

* എംപാനൽ ചെയ്ത ആശുപത്രിയിലെ കോവിഡ് ചികിത്സയ്ക്കായി നീക്കിവെക്കാത്ത 50 ശതമാനം കിടക്കകളിലെ ഫീസിൽ നിയന്ത്രണമുണ്ടോയെന്ന് അറിയിക്കണം. * എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സാച്ചെലവിന്റെ കാര്യത്തിലും നിയന്ത്രണം വേണം.

* ഉപയോഗിക്കാതെ കിടക്കുന്ന ആശുപത്രികൾ ഏറ്റെടുക്കാനാകുമോ എന്നത് പരിഗണിക്കണം. എല്ലാ ആശുപത്രികളിലെയും 50 ശതമാനം കിടകക്കൾ ഏറ്റെടുക്കുന്നതും പരിഗണിക്കണം.

* കോവിഡ് രോഗികളുടെ ചികിത്സാച്ചെലവ് എല്ലാ ആശുപത്രികളിലും തുല്യമാക്കിയുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഉത്തരവ് കണക്കിലെടുക്കണം.

ഓക്‌സീമീറ്ററിനും മാസ്‌കിനും അമിതവില

ഓക്സീമീറ്റർ, മാസ്ക് തുടങ്ങിയവയുടെ വില നിയന്ത്രിക്കാൻ യാതൊരു സംവിധാനവും ഇല്ലെന്ന് ജസ്റ്റിസ് ബ്രിഗേഡിനായി ഹാജരായ അഭിഭാഷകൻ അറിയിച്ചു. ഇത്തരം ഉത്പന്നങ്ങൾക്ക് 12 മുതൽ 18 ശതമാനംവരെ നികുതിയുണ്ട്. സാഹചര്യം കണക്കിലെടുത്ത് ഇതൊഴിവാക്കാൻ നിർദേശിക്കണം. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസേ ഈടാക്കുന്നുള്ളൂവെന്ന് കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും എം.ഇ.എസിന്റെ അഭിഭാഷകനും അറിയിച്ചു. പി.പി.ഇ. കിറ്റിന്റെ പേരിൽ അമിതചാർജ്‌ ഈടാക്കുന്നില്ലെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ അഭിഭാഷകൻ അറിയിച്ചു. സർക്കാരുമായി സഹകരിക്കുമെന്ന് ഐ.എം.എ.യും അറിയിച്ചു.

Content Highlight:  Do not discriminate in treatment : High Court